റൂവി അപകടം : അമിതവേഗവും മൊബൈല്‍  ഫോണും കാരണമെന്ന് ആര്‍.ഒ.പി

മസ്കത്ത്: ഹമരിയയില്‍ ശനിയാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗവും ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
ദുബൈ കേന്ദ്രമായ കുടിവെള്ള കമ്പനിയുടെ വിതരണ ട്രക്ക് ശനിയാഴ്ച ഉച്ചക്ക് പാലത്തിന് മുകളില്‍നിന്ന് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്വദേശിയും ബംഗ്ളാദേശ് പൗരനും തല്‍ക്ഷണം മരിച്ചിരുന്നു. മറ്റൊരു ബംഗ്ളാദേശ് സ്വദേശി ഗുരുതരാവസ്ഥയില്‍ ഖൗല ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം അപകടത്തില്‍പെടുന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കേണല്‍ സഈദ് നാസര്‍ അല്‍ സിയാബി പറഞ്ഞു. അധികഭാരം കയറ്റിയ വാഹനം അമിത വേഗത്തിലുമായിരുന്നു. 
ഇതേ തുടര്‍ന്ന് വളവ് തിരിയവേ നിയന്ത്രണംവിട്ട വാഹനം പാലത്തിന്‍െറ ഭിത്തിയിലിടിച്ചശേഷം താഴേക്ക് മറിയുകയായിരുന്നു.  485 കാര്‍ട്ടണ്‍ മിനറല്‍ വാട്ടറും ജ്യൂസും പാലുമാണ് ട്രക്കിലുണ്ടായിരുന്നത്. അധികഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തിന് താഴെക്കൂടിയാണ് പോകേണ്ടതെന്ന നിയമവും ട്രക്ക് ഡ്രൈവര്‍ തെറ്റിച്ചു. 80 കിലോമീറ്ററാണ് പാലത്തിലെ വേഗ പരിധി. എന്നാല്‍, നൂറു മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു ട്രക്ക്. അപകട ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒമ്പതുപേരെയും പൊലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി. ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിന് ഇവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും ആര്‍.ഒ.പി അറിയിച്ചു. ദിവസക്കൂലിക്ക് ജോലിചെയ്യുന്നയാളാണ് അപകടത്തില്‍ മരിച്ച സ്വദേശിയായ റാഷിദ് അല്‍ അലാവി. മുഹമ്മദ് ഷഹീദ് ആണ് മരിച്ച രണ്ടാമന്‍. മുഹമ്മദ് ഇസ്മാഈലിനാണ് പരിക്കേറ്റത്. ഇയാള്‍ പാലത്തിന് മുകളില്‍ വെച്ച് അപകടമുണ്ടായ ഉടന്‍ ട്രക്കില്‍നിന്ന് ചാടുകയായിരുന്നു. 
അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം  ഗതാഗതക്കുരുക്കുണ്ടായി. അമിതവേഗവും മറികടക്കലുമാണ് രാജ്യത്തെ മാരകമായ പല വാഹനാപകടങ്ങളുടെയും കാരണം. കഴിഞ്ഞവര്‍ഷം 6276 അപകടങ്ങളിലായി 675 പേരാണ് ഒമാനില്‍ മരിച്ചത്. 2014ലാകട്ടെ 6717 അപകടങ്ങളിലായി 816 പേരും മരിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഏറ്റവുമധികം പേര്‍ അപകടങ്ങളില്‍ മരിച്ചത്, 71 പേര്‍. കഴിഞ്ഞവര്‍ഷത്തെ 3411 അപകടങ്ങള്‍ക്കും അമിതവേഗമായിരുന്നു കാരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.