ഒമാന്‍ പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു

മസ്കത്ത്: ഇന്ത്യയുമായുള്ള  നയതന്ത്ര സൗഹൃദത്തിന്‍െറ അറുപതാം വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി ഒമാന്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നു. ഏപ്രില്‍ അഞ്ചിന് ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന ചടങ്ങില്‍ സ്റ്റാമ്പ് പുറത്തിറക്കും. 
ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ പോസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്‍ മലിക്ക് അബ്ദുല്‍ കരീം ബലൂഷി തുടങ്ങിയവരടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും. നയതന്ത്ര സൗഹൃദത്തിന്‍െറ വജ്രജൂബിലി പ്രമാണിച്ച് നടക്കുന്ന പ്രത്യേക ആഘോഷ പരിപാടികള്‍ക്ക് ഇതോടെ തിരശ്ശീല വീഴും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി സുഷമ്മാസ്വരാജിന്‍െറ സന്ദര്‍ശനത്തോടെ ആരംഭിച്ച പരിപാടികള്‍ക്കാണ് തിരശീല വീഴാന്‍ ഒരുങ്ങുന്നത്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സംഘടിപ്പിച്ചത്. സിറ്റി സിനിമയുമായി സഹകരിച്ച് ഏപ്രിലില്‍ ഇന്ത്യന്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നു. ‘ഇന്ത്യ-ഒമാന്‍ ബന്ധം: ചരിത്രവും വര്‍ത്തമാനകാലവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ചരിത്രാന്വേഷണ കുതുകികള്‍ക്ക് മികച്ച അനുഭവമാണ് പകര്‍ന്നുനല്‍കിയത്. 
ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍ കപ്പല്‍പ്പടയിലെ നാലു കപ്പലുകള്‍ മസ്കത് സന്ദര്‍ശിക്കുകയും ചെയ്തു. നൂറ്റാണ്ടിന്‍െറ കടല്‍വാണിജ്യത്തിന്‍െറ ഓര്‍മപുതുക്കി ഇന്ത്യന്‍ നാവികസേനയുടെ തരംഗിണി എന്ന പരിശീലന കപ്പലും റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് കപ്പലും മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് ഒരുമിച്ച് യാത്രനടത്തുകയും ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.