നേമത്ത് ബി.ജെ.പി ജയത്തിന് വഴിയൊരുക്കിയത് യു.ഡി.എഫിന്‍െറ പോരായ്മ –പി.സി. ചാക്കോ

മുസന്ന: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ കാരണം മുന്നണി സംവിധാനത്തിന്‍െറ പോരായ്മയാണെന്ന് എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ. നേമത്ത് ജനതാദള്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്നത് സത്യമാണ്. ഘടക കക്ഷികള്‍ക്ക് വീതംവെച്ച് നല്‍കിയ സീറ്റില്‍ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. മുന്നണി സംവിധാനത്തിന്‍െറ ദൗര്‍ബല്യമാണത്.  നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വോട്ട് പിടിക്കാന്‍ കഴിയുമായിരുന്നു. ഒരുപക്ഷേ രാജഗോപാലിനെ തളക്കാന്‍ തന്നെ സാധിക്കുമായിരുന്നെന്നും അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കാന്‍ ഒമാനില്‍ എത്തിയതാണ് പി.സി. ചാക്കോ. കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പിയോട് സഖ്യം ചേരുകയോ വിധേയത്വം കാണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, 1977ലടക്കം പല സന്ദര്‍ഭങ്ങളിലും കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പലപ്പോഴും രഹസ്യമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു. 
സുധീരന്‍ സാധാരണ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് വ്യത്യസ്തമായി പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യക്തിത്വമാണ്. എന്നാല്‍, പാര്‍ട്ടി പ്രസിഡന്‍റ് എന്നനിലയില്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള നേതൃവൈഭവം കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിരസിച്ച് സ്വന്തം കാഴ്ചപ്പാടിന് അനുസരിച്ചാണ് സുധീരന്‍ പാര്‍ട്ടിയെ നയിക്കുന്നത്. ഇത് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ എത്തിച്ചു. പ്രവാസി സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ വ്യാപകശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ അതിജയിച്ച് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മതേതരമുഖം കാണിച്ചുകൊടുക്കാന്‍ പ്രവാസികള്‍ക്ക് കഴിയണം. ഇതിന് കോണ്‍ഗ്രസ് എല്ലാ സഹായവും നല്‍കുമെന്നും പി.സി. ചാക്കോ പറഞ്ഞു. 
വാഗ്ദാനലംഘനങ്ങളിലൂടെ രണ്ടുവര്‍ഷത്തെ ബി.ജെ.പി ഭരണം ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാണ് സമ്മാനിച്ചത്. പ്രചാരണവേളയില്‍ ഉയര്‍ത്തിയ ഒരുവാഗ്ദാനവും ബി.ജെ.പി നിറവേറ്റിയിട്ടില്ല. ബി.ജെ.പി ഭരണം അഞ്ചുവര്‍ഷം തികക്കില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. മോദിയും അമിത്ഷായും ഏകാധിപത്യപരമായാണ് അവിടെ തീരുമാനങ്ങളെടുക്കുന്നത്. വലിയൊരു വിഭാഗം നേതാക്കള്‍ അവിടെ അസംതൃപ്തിയിലാണ്. പാര്‍ലമെന്‍റില്‍ അംഗസംഖ്യ കുറവാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അങ്ങനെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ സഖ്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആവശ്യം. ന്യൂനപക്ഷങ്ങള്‍ക്കായി എന്നും നിലകൊണ്ട പാര്‍ട്ടി കോണ്‍ഗ്രസാണ്. എന്നാല്‍, ആഗ്രഹിച്ച രീതിയില്‍ ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ വികസനത്തിന് വേണ്ട രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നയങ്ങള്‍ കാലാകാലങ്ങളായി ആവിഷ്കരിച്ചത് കോണ്‍ഗ്രസാണെന്നും പി.സി. ചാക്കോ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.