മരുന്ന് ലാഭപരിധി പുനര്‍നിര്‍ണയം:  തീരുമാനം വീണ്ടും മാറ്റി

മസ്കത്ത്: സ്വകാര്യ മേഖലയില്‍ വില്‍പന നടത്തുന്ന മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഉത്തരവ് നടപ്പില്‍വരുത്തുന്നത് ഒമാന്‍ ആരോഗ്യമന്ത്രാലയം വീണ്ടും മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് തീരുമാനം മാറ്റുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇത് സംബന്ധിച്ച ആദ്യ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. ജനുവരി മുതല്‍ തീരുമാനം നടപ്പാക്കുമെന്നും ഇതുവഴി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ജനുവരിയില്‍ ഉത്തരവ് നടപ്പാക്കുന്നത് ജൂണ്‍ ഒന്നിലേക്ക് നീട്ടിയതായി മന്ത്രാലയം അറിയിച്ചു. ലാഭവിഹിതം കുറക്കുന്നത് സംബന്ധിച്ച തീരുമാനം മരുന്നുവിപണിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് പ്രത്യേക പഠനം നടത്തിയശേഷമാകും ഉത്തരവ് നടപ്പാക്കുകയെന്നാണ് അന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞത്. സുല്‍ത്താന്‍െറ ഉത്തരവ് പ്രകാരമുള്ള പുതിയ ഫാര്‍മസി നിയമത്തിന്‍െറ ഉപനിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും നിലവില്‍വന്നശേഷമാകും ഉത്തരവ് നടപ്പാക്കുകയെന്നാണ് സ്വകാര്യ ഫാര്‍മസികള്‍ക്കായി മേയ് ഒടുവില്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്‍ഷുറന്‍സ് ചെലവും ചരക്കുകൂലിയും (കോസ്റ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ഫ്രൈറ്റ് -സി.ഐ.എഫ്) ആസ്പദമാക്കി  ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനായിരുന്നു തീരുമാനം. 
സി.ഐ.എഫ് 20 റിയാലിലും കുറവുള്ളവക്ക് 43 ശതമാനമാകും ലാഭം. വിതരണക്കാരന് 15 ശതമാനവും ചില്ലറ വില്‍പനക്കാരന് 28 ശതമാനവും ലാഭമാണ് ഇതില്‍ ലഭിക്കുക. അമ്പത് റിയാല്‍ വരെയുള്ള മരുന്നുകള്‍ക്ക് വിതരണക്കാരന് 15 ശതമാനവും ചില്ലറ വില്‍പനക്കാരന് 24 ശതമാനവും ലാഭം കിട്ടും. അമ്പത് ശതമാനത്തിന് മുകളിലാണ് സി.ഐ.എഫ് എങ്കില്‍ വിതരണക്കാരന് 15, ചില്ലറ വില്‍പനക്കാരന് 20 ശതമാനം എന്നിങ്ങനെയാകും ലാഭം. ഡോളര്‍ അടിസ്ഥാനമാക്കിയാകും ഇന്‍ഷുറന്‍സ് ആന്‍ഡ് ഫ്രൈറ്റ് ചെലവ് നിര്‍ണയിക്കുക. അതേസമയം, പുനര്‍നിര്‍ണയത്തിന്‍െറ ആഘാതം സംബന്ധിച്ച് പഠനം നടത്തണമെന്ന മരുന്നു വിതരണക്കാരുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം നീട്ടിയതെന്ന് ഫാര്‍മസി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ ഏതാണ്ട് നാലായിരത്തോളം മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ജി.സി.സി തലത്തിലെ മരുന്നുവില ഏകീകരണത്തിന്‍െറ ഭാഗമായി രണ്ടു ഘട്ടമായി ഒമാനില്‍ മരുന്നുവില കുറച്ചിരുന്നു. 
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ആദ്യഘട്ട വിലകുറക്കല്‍ പ്രാബല്യത്തില്‍ വന്നത്. 1400 ഇനം മരുന്നുകളുടെ വിലയില്‍ 60 ശതമാനത്തിലധികം കുറവാണുണ്ടായത്. 1180 എണ്ണത്തിന്‍െറ വിലയിലാണ് രണ്ടാംഘട്ടത്തില്‍ കുറവുണ്ടായത്. ജീവന്‍രക്ഷാ മരുന്നുകളുടേതടക്കം വില രണ്ടുതവണയായി കുറച്ചിരുന്നു. 
ജി.സി.സി മേഖലയില്‍ കുവൈത്തിലും ഒമാനിലുമാണ് മരുന്നുവില ഏറ്റവുമധികം. സൗദി അറേബ്യയടക്കം മേഖലകളില്‍ താരതമ്യേന കുറഞ്ഞ വിലയാണ് മരുന്നുകള്‍ക്കുള്ളത്. കുറഞ്ഞ വിലയുള്ള വിപണികളുമായി വില ഏകീകരിക്കുകയാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.