സൊഹാര്‍ കെ.എം.സി.സി 50,000 പേര്‍ക്ക് നോമ്പുതുറ ഒരുക്കും

മസ്കത്ത്: സൊഹാര്‍ ഏരിയ കെ.എം.സി.സി റമദാനില്‍ 50,000 പേര്‍ക്ക് നോമ്പുതുറ ഒരുക്കും. 1500 പേര്‍ക്ക് നോമ്പുതുറക്കാനും നമസ്കരിക്കാനും സാധിക്കുന്ന ഇഫ്താര്‍ ടെന്‍റ് സൊഹാര്‍ നഗരത്തിന്‍െറ ഹൃദയഭാഗത്ത് പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 അംഗ വളന്‍റിയര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ഇഫ്താര്‍ ടെന്‍റിന്‍െറ പ്രവര്‍ത്തനം.
ഇതോടൊപ്പം, വികലാംഗരായ 250 സ്വദേശികള്‍ക്ക് വികലാംഗ അസോസിയേഷന്‍, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവരുമായി ചേര്‍ന്ന് ഇഫ്താര്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഇവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യും. രണ്ടു വെള്ളിയാഴ്ചകളിലായി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, മജ്ലിസുശൂറ അംഗങ്ങള്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായി സമൂഹ നോമ്പുതുറയും ഒരുക്കും. സൊഹാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിച്ച് റമദാന്‍ സമ്മാനങ്ങള്‍ കൈമാറുന്നതും ആലോചനയിലുണ്ട്. റമദാന്‍ അവസാനത്തോടെ സകാത്ത് സ്വരൂപിച്ച് മതകാര്യ വകുപ്പിന്‍െറ സഹകരണത്തോടെ നിര്‍ധനരായ സ്വദേശികള്‍ക്ക് വിതരണം ചെയ്യും. ബൈത്തുറഹ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. അടുത്ത റമദാന് മുമ്പ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 14 ജില്ലകളിലെ 20ഓളം നിര്‍ധന കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ കെ.എം.സി.സി വഹിക്കും. ഇഫ്താര്‍ ടെന്‍റില്‍ നോമ്പുതുറക്ക് മുമ്പ് പ്രാര്‍ഥനാ സദസ്സുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. സൊഹാര്‍ ആശുപത്രി കേന്ദ്രീകരിച്ചുള്ള ടാസ്ക്ഫോഴ്സിന്‍െറ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതായും ഭാരവാഹികള്‍ അറിയിച്ചു. പ്രതിദിനം 100 പേര്‍ക്കുള്ള രക്തം ടാസ്ക്ഫോഴ്സ് മുഖേന സൊഹാര്‍ ആശുപത്രിയില്‍ ലഭ്യമാക്കും. കെ.എം.സി.സി പ്രസിഡന്‍റ് ടി.സി ജാഫര്‍, ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലീം, ട്രഷറര്‍ അഷ്റഫ് കേളോത്ത്, എക്സിക്യൂട്ടിവ് അംഗം ഫിനോജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.