കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ധന

മസ്കത്ത്: കഴിഞ്ഞ വര്‍ഷം കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. പ്രായപൂര്‍ത്തിയാകാത്ത 506 പേരാണ് 2015ല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടത്.
മുന്‍ വര്‍ഷം ഇത് 420 ആയിരുന്നു. 2010ലും 11ലും 880 കുട്ടികളാണ് വിവിധ കേസുകളില്‍ പ്രതികളായത്. 2012ല്‍ ഇത് 668 ആയും 2013ല്‍ 457 ആയും കുറഞ്ഞു. 2010നെ അപേക്ഷിച്ച് നോക്കിയാല്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടായതെന്നും  ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ബാത്തിനയിലാണ് ഇത്തരത്തിലുള്ള ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 139 എണ്ണം. ദാഖിലിയയില്‍ 73ഉം മസ്കത്തില്‍ 60ഉം തെക്കന്‍ ബാത്തിനയില്‍ 52ഉം കേസുകളുണ്ടായി.
കേസുകളില്‍ കവര്‍ച്ചയാണ് കൂടുതലും, 427 എണ്ണം.  72 ലൈംഗിക പീഡന കേസുകളും നാശനഷ്ടങ്ങളുണ്ടാക്കിയതിന് 53 കേസുകളും അടിപിടിക്ക് 45 കേസുകളും മറ്റുള്ളവരുടെ അഭിമാനത്തെ മുറിപ്പെടുത്തിയതിന് 36ഉം മയക്കുമരുന്ന് സംഭവത്തില്‍ 34ഉം സൈബര്‍ നിയമ ലംഘനത്തിന് 29ഉം ഗതാഗത നിയമ ലംഘനത്തിന് 25ഉം രാജ്യത്ത് അനധികൃതമായി കടന്നതിന് 22ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
10നും 17നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പ്രതികളില്‍ ഏറെയും. പെണ്‍കുട്ടികള്‍ പ്രതികളായ കേസുകള്‍  വിരളമാണ്. കുട്ടികള്‍ തെറ്റായ വഴികളിലേക്ക് തിരിയാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
വിജയകരമായ കുടുംബം കെട്ടിപ്പടുക്കുന്നതിന് രക്ഷിതാക്കള്‍ക്കാണ് ഉത്തരവാദിത്തം. ഇതേ സംബന്ധിച്ച് മന്ത്രാലയം പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. തെറ്റായ കൂട്ടുകെട്ടും രക്ഷകര്‍ത്താക്കളുടെ ശ്രദ്ധക്കുറവുമാണ് കുട്ടികളെ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് തിരിക്കുന്നതെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.
കേസുകളില്‍ പ്രതികളായ കുട്ടികളെ സുമൈല്‍ സെന്‍ട്രല്‍ ജയിലിലും മസ്കത്ത് ജുവനൈല്‍ സെന്‍ററിലുമായാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇവര്‍ക്കായി ബോധവത്കരണ, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. പഠനം തുടരാനും അവസരം ഒരുക്കുന്നുണ്ടെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.