??????????? ??????

സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി റാസല്‍ഹദ്ദ് കോട്ട

മസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ഹദ്ദ് കോട്ട വിനോദസഞ്ചാരികളൂടെ ആകര്‍ഷണ കേന്ദ്രമാവുന്നു. ഒമാന്‍െറ സാംസ്കാരിക പൈതൃകവും സൈനിക ചരിത്രവും വിളിച്ചോതുന്ന ഈ കോട്ടക്ക് അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
റാസല്‍ഹദ്ദിലെ ഗോത്രങ്ങള്‍ ഒത്തൊരുമിച്ച് 1560 ലാണ് കോട്ട നിര്‍മാണം ആരംഭിച്ചത്.  30 വര്‍ഷമെടുത്ത് 1590 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആവശ്യമായി വന്നതിനാല്‍ അടുത്തിടെയായി രണ്ടു തവണ പുനര്‍നിര്‍മാണം നടത്തി.  ഒമാന്‍ സാംസ്കാരിക പൈതൃക മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ 1989 ലാണ് ആദ്യമായി അറ്റകുറ്റപ്പണി  നടക്കുന്നത്. 2008ല്‍ സാംസ്കാരിക പൈതൃക മന്ത്രാലയവും വിനോദസഞ്ചാര മന്ത്രാലയവും സഹകരിച്ച് വീണ്ടും അറ്റകുറ്റപ്പണി നടത്തി. കടലാമകളുടെ മുട്ടയിടലിനും പ്രജനനത്തിനും റാസല്‍ഹദ്ദ് പേരുകേട്ടതാണ്.

റാസല്‍ഹദ്ദ് കോട്ടയുടെ ദൃശ്യങ്ങള്‍
 

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ളതാണ് റാസല്‍ഹദ്ദ്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഏറ്റവും കിഴക്ക് സ്ഥിതിചെയ്യുന്നതിനാല്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി സൂര്യന്‍ ഉദിക്കുന്നത് ഇവിടെയാണ്. അറേബ്യന്‍ കടലിനെയും ഒമാന്‍ കടലിനെയും വേര്‍തിരിക്കുന്നതും റാസല്‍ ഹദ്ദാണ്. പ്രദേശത്തെ താമസയിടത്തുനിന്ന് ഏറെ ഉയരത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് പ്രദേശം ഒമാനിലെ പ്രധാന നാവികകേന്ദ്രം കൂടിയായിരുന്നു.
വാണിജ്യ കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും പ്രവേശന കവാടംകൂടിയായിരുന്നു റാസല്‍ ഹദ്ദ്. കോട്ടക്ക് രണ്ട് ടവറുകള്‍ ഉണ്ട്. ഇവ വന്‍ ഭിത്തികള്‍കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. കോട്ടയുടെ മുന്‍ ഭാഗത്ത് വലിയ പ്രവേശകവാടമുണ്ട്.
കോട്ടക്കകത്ത് സന്ദര്‍ശകരെ വരവേറ്റ് നിരവധി ഇരിപ്പിടങ്ങളുള്ള വലിയ മൂറി സവിശേഷതയാണ്. മൂന്നു മീറ്റര്‍ വീതിയും ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ ഉയരവുമുണ്ടിതിന്. ഇവ മജ്ലിസായും വെയ്റ്റിങ് റൂമായും മുമ്പുകാലത്ത് ഉപയോഗിച്ചിരുന്നു. തര്‍ക്കങ്ങളും മറ്റും പരിഹരിച്ചതും ഇവിടെയായിരുന്നു. മൂന്നു മീറ്റര്‍ വീതിയും അഞ്ചേകാല്‍ മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ ഉയരവുമുള്ള മറ്റൊരു മുറി താല്‍ക്കാലിക ജയിലായും ഉപയോഗിച്ചുപോന്നു. കോട്ടക്ക് വിപുലമായ പ്രതിരോധ സൗകര്യവുമുണ്ട്. കിഴക്കുഭാഗത്തുനിന്നുണ്ടായേക്കാവുന്ന ശത്രുക്കളെ നേരിടാന്‍ കോട്ടയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നതിന് ഇപ്പോഴുമുണ്ട് സാക്ഷ്യങ്ങളേറെ. 13.25 മീറ്റര്‍ ഉയരവും 13 മീറ്റര്‍ വീതിയും 16 മീറ്റര്‍ നീളവുമുള്ള പ്രതിരോധ ഭാഗത്ത് ഏറെ സൗകര്യങ്ങളുണ്ട്. ശത്രുക്കളെ നിരീക്ഷിക്കാനും മറ്റും ടവറുകള്‍ ഉപയോഗിച്ചിരുന്നു.

റാസല്‍ഹദ്ദ് കോട്ടയുടെ ദൃശ്യങ്ങള്‍
 

മുന്‍കാലത്ത് ഉപയോഗിച്ച സൈനിക ഉപകരണങ്ങളും പാത്രങ്ങളും അടക്കം നിരവധി കാഴ്ചകള്‍ കോട്ടയിലുള്ളതിനാല്‍ ഗവര്‍ണറേറ്റിലെ പ്രധാന ആകര്‍ഷണമാണ് റാസല്‍ഹദ്ദ് കോട്ട. തെക്കന്‍ ശര്‍ഖിയയിലെ സൂര്‍ വിലായത്തിലും പരിസരങ്ങളിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്. ലോക വാണിജ്യചരിത്രത്തില്‍ തന്നെ ഇടംപിടിക്കുന്നതാണ് സൂര്‍ തീരം. പുരാതനകാലം മുതല്‍ തന്നെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു സൂര്‍. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് വാണിജ്യക്കപ്പലുകള്‍ ഇവിടെ എത്തിയിരുന്നു. കപ്പല്‍ യാത്രക്കാരുടെ വിശ്രമകേന്ദ്രമായും യാത്രാ ഇടനാഴിയായും സൂര്‍ മാറി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ അടുത്തിടെ നിരവധി പദ്ധതികളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സൂര്‍ തൂക്കുപാലം, മ്യൂസിയം അടക്കമുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.