ഖസബ്-ദുബൈ ഫെറി: പരീക്ഷണ സര്‍വിസ് നടത്താന്‍ ധാരണ

മസ്കത്ത്: ഖസബില്‍നിന്ന് ദുബൈയിലേക്കുള്ള ഫെറി സര്‍വിസ് വൈകാതെ ആരംഭിച്ചേക്കും. നാഷനല്‍ ഫെറി സര്‍വിസ് അധികൃതരും റാശിദ് തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തുറമുഖത്ത് ഒരുക്കേണ്ട സാങ്കേതികവും മറ്റുമായ സൗകര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നതിനായി പരീക്ഷണ സര്‍വിസ് നടത്താന്‍ തത്ത്വത്തില്‍ ധാരണയായി. പ്രാദേശിക സര്‍വിസുകള്‍ വികസിപ്പിക്കുന്നതിനൊപ്പം യു.എ.ഇയുമായുള്ള സഹകരണത്തിന്‍െറ പാത വിപുലമാക്കുന്നതിന്‍െറയും ഭാഗമായാണ് ദുബൈ ഫെറി സര്‍വിസ് ആരംഭിക്കുന്നതെന്ന് നാഷനല്‍ ഫെറി സര്‍വിസ് കമ്പനി സി.ഇ.ഒ മഹ്ദി ബിന്‍ മുഹമ്മദ് അല്‍ അബ്ദ്വാനി പറഞ്ഞു. രണ്ടു രാഷ്ട്രങ്ങളിലെയും ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഇത് സഹായകമാകും.  ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ ഒമാനിലേക്ക് പ്രത്യേകിച്ച്, ഖസബിലേക്ക് ആകര്‍ഷിക്കാന്‍ ഫെറി സര്‍വിസിന് കഴിയും.  2020ല്‍ നടക്കുന്ന ദുബൈ ഇന്‍റര്‍നാഷനല്‍ എക്സ്പോയില്‍ വിവിധ ലോക രാഷ്ട്രങ്ങളില്‍നിന്നായി നിരവധി സന്ദര്‍ശകരാണ് എത്തുക. ഫെറി സര്‍വിസ് കാര്യക്ഷമമാക്കുക വഴി എക്സ്പോയിലത്തെുന്ന സന്ദര്‍ശകരുടെ ഗുണഫലം ഒമാനും ലഭിക്കും. റാശിദ് തുറമുഖ അധികൃതര്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കടല്‍ ടൂറിസ കേന്ദ്രമായി മാറുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് റാശിദ് തുറമുഖത്ത് നടക്കുകയെന്നും സി.ഇ.ഒ പറഞ്ഞു. ഖസബില്‍നിന്ന് കിഷം ദ്വീപ് വഴി ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്കുള്ള എന്‍.എഫ്.സിയുടെ ഫെറി സര്‍വിസിന് നാളെ തുടക്കമാകും. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം വീതമാകും സര്‍വിസ്. എന്‍.എഫ്.സിയുടെ അല്‍ ഹലാനിയാത്ത് എന്ന ചെറു കപ്പലാകും ഇറാന്‍ സര്‍വിസിന് ഉപയോഗിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.