ഇന്ധന വിലവര്‍ധന: ചെറു കാറുകള്‍ക്ക്  ആവശ്യക്കാര്‍ വര്‍ധിക്കുന്നു

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കത്തിന്‍െറ ഫലമായി വാഹനവിപണി മാന്ദ്യത്തിന്‍െറ പിടിയില്‍. മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞ എണ്ണം പുതിയ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോകുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരാകട്ടെ ചെറുതും ഇന്ധനക്ഷമതയേറിയതുമായ കാറുകളാണ് തെരഞ്ഞെടുക്കുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ ഇട്ടിട്ടും എസ്.യു.വികള്‍ അടക്കം പെട്രോള്‍ കുടിയന്‍മാരായ  വലിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളില്ളെന്ന് വാഹന വില്‍പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് മേയ് അവസാനം വരെ 13,26,254 സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.3 ശതമാനത്തിന്‍െറ ഇടിവാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുത്തനെ കുറവാണ് കാണിക്കുന്നത്. 
പുതിയ വാഹനങ്ങളെ കുറിച്ച അന്വേഷണത്തില്‍ വരെ ഈ കുറവ് ദൃശ്യമായിട്ടുണ്ട്. പല കമ്പനികളും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും വില്‍പനയില്‍ വര്‍ധന ദൃശ്യമാകുന്നില്ല. ചെറുതും ഇന്ധനക്ഷമതയേറിയതുമായ വാഹനങ്ങളെ കുറിച്ച അന്വേഷണമാണ് ലഭിക്കുന്നതില്‍ ഭൂരിപക്ഷവുമെന്നും വാഹന ഷോറൂമുകളിലെ ജീവനക്കാര്‍ പറയുന്നു. കൈവശമുള്ള വലിയ വാഹനങ്ങള്‍ വിറ്റ് സലൂണിലേക്ക് കൂടുമാറുന്നതിനുള്ള ആലോചനയിലാണ് പ്രവാസികളില്‍ പലരും. ഹോണ്ടാ റോഡില്‍ കടനടത്തുന്ന കോഴിക്കോട് സ്വദേശി ഇന്ധന വിലനിയന്ത്രണം നീക്കുന്നതിന് മുമ്പാണ് സലൂണ്‍ കാര്‍ വിറ്റ് എസ്.യു.വി എടുക്കുന്നത്. മുമ്പത്തേക്കാള്‍ ഒരു മാസം 25 റിയാലിന്‍െറ അധിക ചെലവാണ് തനിക്ക് വരുന്നത്. എസ്.യു.വി വിറ്റ് സലൂണ്‍ കാര്‍ തന്നെ വാങ്ങുന്നത് സംബന്ധിച്ച ആലോചനയിലാണെന്നും ഇദ്ദേഹം പറയുന്നു. രണ്ടു വാഹനങ്ങള്‍ ഉള്ളവരാകട്ടെ അടുത്തുള്ള യാത്രകള്‍ക്കായി ചെറിയ കാറുകളാണ് ഉപയോഗിക്കുന്നതും. സ്വദേശികളില്‍ പലരും ഈ മാനസികാവസ്ഥയില്‍ തന്നെയാണ്. ഇന്ധനവില കുത്തനെ വര്‍ധിച്ച ജൂണില്‍ ഇന്ധന വിലവര്‍ധന കുടുംബബജറ്റിനെ സാരമായി ബാധിച്ചതായി സ്വദേശികള്‍ അഭിപ്രായപ്പെട്ടതായി ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മേയില്‍ ഇത്  24 ശതമാനമായിരുന്നു. ജൂണില്‍ ഇന്ധനവില വര്‍ധന തങ്ങളെ ചെറിയ തോതില്‍ ബാധിച്ചതായി അഭിപ്രായപ്പെട്ടത് 38 ശതമാനം സ്വദേശികളാണ്. 17 ശതമാനം പേരാകട്ടെ വിലവര്‍ധന തങ്ങളെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ളെന്നാണ് അഭിപ്രായപ്പെട്ടത്. 44 ശതമാനം പേരാണ് ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം റെഗുലര്‍ ഗ്രേഡ് പെട്രോളിലേക്ക് കൂടുമാറിയതും മാറാന്‍ ആലോചിക്കുന്നതും. 34 ശതമാനം സ്വദേശികള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രത്തിന്‍െറ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.