ഫ്രഞ്ച് ഭീകരാക്രമണം: ഒമാന്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

മസ്കത്ത്: ഫ്രാന്‍സിലെ തീരനഗരമായ നീസില്‍ 84 പേരുടെ മരണത്തിനിടയാക്കിയ  കഴിഞ്ഞദിവസത്തെ  ഭീകരാക്രമണത്തില്‍നിന്ന് രണ്ട് ഒമാനി കുടുംബങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മസ്കത്ത് നിവാസിയായ ഫറാഹ് ഭര്‍ത്താവുമൊത്ത് വെടിക്കെട്ട് കണ്ടുനില്‍ക്കവേയാണ് ആക്രമണമുണ്ടായത്. വെടിക്കെട്ട് കണ്ട ശേഷം ഹോട്ടലിലേക്ക് നടക്കവേയാണ് എതിര്‍ദിശയില്‍നിന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ഓടിവരുന്നത് കണ്ടതെന്ന് ഫറാഹ് പ്രാദേശിക പത്രത്തിനോട് പറഞ്ഞു. ഭീകരാക്രമണമെന്ന് അലറിവിളിച്ച് പാഞ്ഞുവരുന്ന ജനക്കൂട്ടത്തിനൊപ്പം സുരക്ഷിത സ്ഥാനം തേടി തങ്ങളും ഓടി. സ്ഥിതിഗതികള്‍ ശാന്തമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹോട്ടലില്‍ എത്താന്‍ കഴിഞ്ഞത്. എല്ലായിടത്തും ആകെ ബഹളമയമായ അവസ്ഥയായിരുന്നു. മറ്റെല്ലാവരെയും പോലെ തങ്ങളും ചകിതരായ അവസ്ഥയിലായിരുന്നെന്ന് ഫറാഹ് പറഞ്ഞു. വെള്ളിയാഴ്ച കാര്‍ മാര്‍ഗം തങ്ങള്‍ മൊണോക്കോയിലേക്ക് പോയി. വഴിനീളെ ഗതാഗത തടസ്സത്തിനൊപ്പം പൊലീസിന്‍െറ പരിശോധനയുമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. ഇബ്രിയില്‍നിന്നുള്ള സാമി അല്‍ യഅ്ഖൂബിയും കുടുംബവും വെടിക്കെട്ട് കാണാന്‍പോകാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും അവസാന നിമിഷമാണ് മാറ്റിവെച്ചത്. പോകാനായി വസ്ത്രവും മറ്റും മാറ്റിയെങ്കിലും മകന്‍ ക്ഷീണംമൂലം ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കാഞ്ഞതിനാലാണ് അവസാനസമയം പദ്ധതി റദ്ദാക്കിയത്. പുറത്തുനിന്ന് ആളുകളുടെ അലര്‍ച്ചയും നിലവിളിയും കേട്ടപ്പോള്‍ എന്തോ ഭീകരമായ ഒന്ന് പുറത്ത് സംഭവിക്കുന്നതായി ഭാര്യയോട് പറഞ്ഞതായും അല്‍ യഅ്ഖൂബി പറഞ്ഞു. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള ഹോട്ടലിലാണ് യഅ്ഖൂബിയും ഭാര്യയും നാലു മക്കളും താമസിച്ചിരുന്നത്. വെള്ളിയാഴ്ച നീസില്‍നിന്ന് പാരിസിലത്തെിയ കുടുംബം അവിടെനിന്ന് ജര്‍മനിയിലേക്ക് പോയി. അതേസമയം, ഫ്രാന്‍സിലെ തെക്കന്‍ നഗരമായ നീസില്‍ ഒമാനി വിദ്യാര്‍ഥികള്‍ ആരും തന്നെ പഠിക്കുന്നില്ളെന്ന് പാരിസിലെ ഒമാന്‍ എംബസി അറിയിച്ചു. വിനോദസഞ്ചാരികള്‍ ആരും തന്നെ യാത്രക്ക് മുന്നോടിയായി എംബസിയില്‍ ബന്ധപ്പെട്ടിട്ടില്ല. ഒമാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.