മസ്കത്ത്: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബി.ജെ.പിയുടെ നീക്കമാണ് ഏകീകൃത സിവില്‍ കോഡെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുക ബി.ജെ.പിയുടെ പതിവാണെന്നും കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഒമാനിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനുള്ള അന്തരീക്ഷം ഇന്ന് ഇന്ത്യയില്‍ സംജാതമായിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള പക്വമായ സാമൂഹികാന്തരീക്ഷമല്ല ഇന്ന് ഇന്ത്യയിലുള്ളത്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് കൂടുതല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. എന്നും വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും അതാണ്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലിം ലീഗ് മാത്രമല്ല എതിര്‍ക്കുന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു.
ഒരൊറ്റ സിവില്‍ കോഡ് വേണമായിരുന്നെങ്കില്‍ ഭരണഘടന രൂപവത്കരിക്കുന്ന സമയത്തുതന്നെ എഴുതിച്ചേര്‍ക്കാമായിരുന്നു. എല്ലാ മതസ്ഥരും അവരുടെ വിശ്വാസപ്രമാണങ്ങള്‍ മാനിച്ച് ജീവിച്ചിരുന്ന കാലമായിരുന്നു അന്ന്.
ഇന്ന് ആ അന്തരീക്ഷം ഇല്ലാതെയാക്കിയത് ബി.ജെ.പിയാണ്. ഇതോടൊപ്പം വിവാദ വിഷയങ്ങള്‍കൂടി എടുത്തിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി നീക്കം. ബി.ജെ.പിയെ ചെറുക്കാന്‍ ഇന്ന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര ചേരികള്‍ക്കേ കഴിയൂ. ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ബി.ജെ.പിയെ നേര്‍ക്കുനേര്‍ നേരിടാന്‍ തയാറാകുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിയെ ചെറുത്തത് യു.ഡി.എഫാണ്. മതേതര വോട്ട് എന്നാല്‍ ന്യൂനപക്ഷ വോട്ട് മാത്രമല്ല, അതില്‍ എല്ലാ വിഭാഗത്തിന്‍െറ വോട്ടും വരും.
എന്നാല്‍, മഞ്ചേശ്വരം പോലുള്ള മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ചില ഭാഗത്ത് മുസ്ലിം വോട്ടുകളില്‍ കുറവ് വന്നിട്ടുണ്ട്. അത് അന്വേഷിക്കും. താനൂര്‍ അടക്കമുള്ള ചില മണ്ഡലങ്ങളില്‍ തോല്‍വി ഉണ്ടായെങ്കിലും മികച്ച പ്രകടനംതന്നെയാണ് ലീഗ് ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.