??.??.??? ???? ???????? ????????????? ???? ????????? ??????????

പെരുന്നാള്‍ അവധി; സലാലയില്‍ തിരക്ക് വര്‍ധിക്കും

മസ്കത്ത്: പെരുന്നാള്‍ അവധി ദിനങ്ങളിലെ സന്ദര്‍ശക പ്രവാഹത്തെ സ്വീകരിക്കാന്‍ സലാല ഒരുങ്ങി. ഖരീഫ് സീസണ്‍ ജൂണ്‍ അവസാനം തുടങ്ങിയെങ്കിലും പെരുന്നാള്‍ അവധിദിനങ്ങളിലാണ് സന്ദര്‍ശകരുടെ ഒഴുക്ക് സാധാരണ ഉണ്ടാകാറ്. ഒമാനില്‍ താമസിക്കുന്ന മലയാളികള്‍ക്കും സ്വദേശികള്‍ക്കും പുറമെ യു.എ.ഇ അടക്കമുള്ള മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നും സഞ്ചാരികള്‍ എത്തും.  ഈദ് അവധി ആരംഭിക്കുന്ന ദിവസങ്ങളില്‍ സലാലയിലേക്ക് പോവുന്ന ബസുകളിലെ എല്ലാ സീറ്റും നിറഞ്ഞുകഴിഞ്ഞു. ബസ് കമ്പനികള്‍ നടത്തുന്ന അധിക സര്‍വിസുകളിലാണ് ഇനി പ്രതീക്ഷ. പലരും അവധി പ്രഖ്യാപനമുണ്ടായ 27ാം തീയതിതന്നെ ബുക്കിങ് നടത്തിയതിനാല്‍ ഇപ്പോള്‍ ബുക്കിങ്ങിന് ശ്രമിക്കുന്നവര്‍ക്ക് സീറ്റ് ലഭിക്കുന്നില്ല. പ്രമുഖ കമ്പനികളെല്ലാം കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. 
സലാലയില്‍ മഴ ആരംഭിച്ചതും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതുമാണ് പലരെയും ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി മഴപെയ്യുന്നതിനാല്‍ കുന്നുകളും മലകളും പച്ചപിടിച്ചിട്ടുണ്ട്. ഖരീഫ് ആഘോഷംകൂടി ആരംഭിക്കുന്നതോടെ സലാല സന്ദര്‍ശനം കൂടുതല്‍ ആസ്വാദ്യമാവും. മലയാളികളാണ് അധികവും അവധിക്കാലത്ത് ബസുകളില്‍ യാത്രചെയ്യുന്നത്. വേനലവധിക്ക് നാട്ടില്‍പോവാന്‍ കഴിയാത്ത പല കുടുംബങ്ങളും സലാല യാത്ര തെരഞ്ഞെടുക്കുകയാണ്. ഉയര്‍ന്ന വിമാന  ടിക്കറ്റ് ഭയന്നാണ് പല കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നത്. 200 റിയാല്‍ കൊണ്ട് ഒരു ശരാശരി കുടുംബത്തിന് സുഖമായി സലാല യാത്ര നടത്താനും കേരളത്തിലെ കാലാവസ്ഥ അനുഭവിക്കാനും കഴിയും. 
സലാലയിലേക്ക് യാത്ര ചെയ്യുന്നവരില്‍ വന്‍ ഭൂരിപക്ഷവും മലയാളികളാണെന്ന് പ്രമുഖ ബസ് കമ്പനിയായ ജി.ടി.എസിന്‍െറ റൂവി ശാഖാ മാനേജര്‍ വിനോദ് നായര്‍ പറയുന്നു. അഞ്ചാം തീയതി റൂവിയില്‍നിന്ന് പുറപ്പെടുന്ന 15 ബസുകളില്‍ പതിനാലിലും മലയാളികളാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയില്‍ അധികവും കുടുംബമായി യാത്ര ചെയ്യുന്നവരാണ്. ഈ വര്‍ഷം കഴിഞ്ഞവര്‍ഷത്തേക്കാള്‍ തിരക്ക് കൂടുതലാണ്. ഈമാസം നാല്, അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.
 നിലവില്‍ നാലാം തീയതി ഒമ്പത് ബസും, അഞ്ചിന് 15 ബസും ആറിന് ഒമ്പത് ബസും ഏഴിന് ഏഴു ബസും ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. അധിക ബസുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ബുക്കിങ് സ്വീകരിക്കാന്‍ കഴിയുന്നില്ല. പെരുന്നാളിന് ശേഷമാണ് സ്വദേശികളുടെ തിരക്ക് ആരംഭിക്കുന്നത്. അതിനാല്‍ എട്ടുമുതലാണ് തിരക്ക് ആരംഭിക്കുന്നത്. തങ്ങളുടെ  ബസുകള്‍ അധികവും സലാലയിലേക്കാണ് പോവുന്നതെന്ന് ഗതാഗത കമ്പനിയായ ഹാപി ലൈന്‍ ജനറല്‍ മാനേജര്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു. എല്ലാ ബസുകളും പെരുന്നാള്‍ വിനോദയാത്രക്കായി നേരത്തേ ബുക് ചെയ്ത് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചില സ്വകാര്യ വ്യക്തികളും ബസുകള്‍ വാടകക്കെടുത്ത് പെരുന്നാള്‍ ദിവസം സലാലയിലേക്ക്  വിനോദയാത്ര പോവുന്നുണ്ട്. 
ഭക്ഷണം ഉള്‍പ്പെടെയുള്ള നിരക്കാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. കൂടാതെ, നിരവധിപേര്‍ സ്വന്തം വാഹനം ഉപയോഗിച്ചും മറ്റു ചിലര്‍ കമ്പനിയുടെ വാഹനങ്ങള്‍ ഉപയോഗിച്ചും യാത്രക്ക് തയാറെടുക്കുകയാണ്. ഏതായാലും ഈ വര്‍ഷം പെരുന്നാള്‍ അവധിക്ക് സലാലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.