മസ്കത്ത്: കുട്ടികളെ മടിയിലിരുത്തി കാറില്‍ യാത്രചെയ്യുന്നവര്‍ സൂക്ഷിക്കുക. ഒമാനില്‍ ആളെ മടിയിലിരുത്തി യാത്രചെയ്താല്‍ ഇനി ഡൈവര്‍ക്ക് 10 മുതല്‍ 20 റിയാല്‍ വരെ പിഴ ലഭിച്ചേക്കാം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും മടിയിലിരുത്താന്‍ പാടില്ല. യാത്രചെയ്യുന്ന മുഴുവന്‍പേര്‍ക്കും കാറില്‍ സീറ്റുണ്ടായിരിക്കണം എന്ന് ചുരുക്കം. ഈ നിര്‍ദേശം ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ ഗതാഗതനിയമം ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഒമാനില്‍ ആദ്യമായാണ് യാത്രക്കാര്‍ക്ക് മുഴുവന്‍ സീറ്റ് നിര്‍ബന്ധമാക്കുന്ന ഗതാഗതനിയമം കൊണ്ടുവരുന്നത്.
പലപ്പോഴും കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോഴാണ് കുട്ടികളെ മടിയിലിരുത്തേണ്ടി വരുന്നത്. പലപ്പോഴും ഒന്നിലധികം കുട്ടികള്‍ ഇത്തരത്തില്‍ മടിയിലിരിക്കേണ്ടിവരുന്നു. ഇത് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സീറ്റ് ബെല്‍റ്റില്ലാത്തതിനാല്‍ മടിയിലിരിക്കുന്ന കുട്ടികള്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുപോകുന്ന സംഭവങ്ങളുണ്ട്. ആളെ കുത്തിനിറച്ചുപോകുന്ന ടാക്സികളും ചിലപ്പോള്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്താറുണ്ട്. ചെറിയകുട്ടികളെ സീറ്റിലിരുത്തി ബെല്‍റ്റിട്ട് സുരക്ഷിതമാക്കുന്ന ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരംഘട്ടങ്ങളില്‍ നല്ലത്.
അപകടങ്ങള്‍ കുറക്കുന്നതിന് ലോകാരോഗ്യസംഘടനയും അന്താരാഷ്ട്രതലത്തില്‍ ഇത്തരം സുരക്ഷാരീതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റുകള്‍ 50 ശതമാനം വരെ അപകടമരണം കുറക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.