നടത്തിപ്പിലെ തര്‍ക്കം: മുനിസിപ്പാലിറ്റി കൗണ്‍സില്‍ വനിത അംഗം രാജിവെച്ചു

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവെല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മസ്കത്ത് മുനിസിപ്പാലിറ്റി കൗണ്‍സിലിലെ വനിത അംഗം രാജിവെച്ചു. ഈ വര്‍ഷം ഫെസ്റ്റിവെല്‍ മാറ്റിവെക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടാതിരുന്നതാണ് രാജിയില്‍ കലാശിച്ചത്. കൗണ്‍സിലറായ അല്‍ ഷൈമ അല്‍ റഈസിയാണ് രാജി പ്രഖ്യാപിച്ചത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മസ്കത്ത് ഫെസ്റ്റിവെല്‍ ഒരുവര്‍ഷം നീട്ടിവെക്കണമെന്ന നിര്‍ദേശം കൗണ്‍സില്‍ മുന്നോട്ടുവെച്ചിരുന്നു. മുനിസിപ്പാലിറ്റി കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫെസ്റ്റിവെലിനായി ചെലവാക്കുന്നതിന് അനുവദിച്ച ഫണ്ട് പൈപ്പ്ലൈന്‍ സ്ഥാപിക്കലടക്കം മുന്‍ഗണനാക്രമത്തിലുള്ള മറ്റു പദ്ധതികള്‍ക്കായി മാറ്റിവെക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ എടുത്ത തീരുമാനം അംഗീകരിക്കാതെ ഫെസ്റ്റിവെലുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അല്‍ ഷൈമ അല്‍ റഈസി രാജിവെച്ചത്. സാമൂഹികമാധ്യമമായ ട്വിറ്ററിലൂടെയാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്. ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് മസ്കത്ത് ഫെസ്റ്റിവെല്‍ നടക്കുന്നത്. വനിത അംഗത്തിന്‍െറ രാജിയോടെ മേള കൂടുതല്‍ വിവാദത്തിലേക്ക് എത്തുകയാണ്.  ദശലക്ഷക്കണക്കിന് റിയാല്‍ ചെലവിട്ട് നടത്തുന്ന മസ്കത്ത് ഫെസ്റ്റിവെല്‍കൊണ്ട് കാര്യമായ നേട്ടമൊന്നും നഗരത്തിനുണ്ടാകുന്നില്ല. ഇത് മേളയുടെ അവലോകന റിപ്പോര്‍ട്ട്തന്നെ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും ഒരു പരിഗണനയും നല്‍കാതെ മേളയുടെ സംഘാടകര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മുനിസിപ്പാലിറ്റി കൗണ്‍സിലില്‍നിന്ന് രാജിവെക്കുകയാണെന്ന് അല്‍ റഈസി പറഞ്ഞു. അതേസമയം, ജനുവരി 14ന് ആരംഭിക്കുന്ന ഫെസ്റ്റിവെലിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് സംഘാടകര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.