മഴ തുടരുന്നു; ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലെ മസ്കത്ത്, മത്ര, സീബ്, ബുറൈമി ഗവര്‍ണറേറ്റിലെ അര്‍റൗദ, മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ്, മഥ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പെയ്തു.
തെക്കന്‍ ബാതിന, വടക്കന്‍ ബാതിന, ദാഹിറ, ബുറൈമി, ഹജര്‍ മലനിരകള്‍ എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി മഴ ലഭിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലേറ്റ് ലിവയിലെ ഗത്ഫാന്‍ ഗ്രാമത്തില്‍ ഒരാള്‍ മരിച്ചു. 61 വയസ്സുള്ള സ്വദേശിയാണ് മരിച്ചതെന്ന് വടക്കന്‍ ബാതിന പൊലീസ് കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വാദികളില്‍ അകപ്പെട്ടയാളുകളെ രക്ഷപ്പെടുത്തിയതായി പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് (പി.എ.സി.ഡി.എ) അറിയിച്ചു.  
മഴയില്‍ വാദികളില്‍ കുത്തൊഴുക്ക് ഉണ്ടാകുമെന്നതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കണമെന്ന് പി.എ.സി.ഡി.എ നിര്‍ദേശിച്ചു. ജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. വാദികള്‍ മുറിച്ചുകടക്കരുതെന്നും വാദിയില്‍ വാഹനങ്ങള്‍ ഇറക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. 
അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സുരക്ഷാസേന തയാറാണ്. അപകടത്തില്‍പ്പെടുന്നവര്‍ അധികൃതരെ വിവരമറിയിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അടുത്ത കെട്ടിടത്തിനുള്ളിലേക്കോ വാഹനത്തിനുള്ളിലോ ഓടിക്കയറണം. മരങ്ങളുടെയും ഇലക്ട്രിക് തൂണുകളുടെയും വാര്‍ത്താവിനിമയ ടവറുകളുടെയും ചുവട്ടില്‍ നില്‍ക്കരുതെന്നും സുരക്ഷാ മുന്നറിയിപ്പിലുണ്ട്. 
അല്‍ ഹജര്‍ പര്‍വതനിരകളിലും പരിസരങ്ങളിലും ഇന്ന് കാറ്റിനും ആലിപ്പഴ വര്‍ഷത്തോടെയും ഇടിയോടെയുമുള്ള മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഏറ്റവുമധികം മഴ ലഭിച്ചത് ലിവയിലാണ്, 21.4 മില്ലീമീറ്റര്‍. മസ്കത്തില്‍ 18.8, സൊഹാറില്‍ 18 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.