ഊര്‍ജസംരക്ഷണത്തിനായി ‘ഹരിത മന്ദിരങ്ങള്‍’ വരുന്നു 

മസ്കത്ത്: കാര്‍ഷിക, മത്സ്യവിഭവ മേഖലകളുടെ 2040 വരെയുള്ള വികസനം മുന്നില്‍ക്കണ്ട് ലോകബാങ്കിന്‍െറ സഹായത്തോടെ പുതിയ കാര്‍ഷിക-ഫിഷറീസ് നയം തയാറാക്കിവരികയാണെന്ന് കൃഷി മന്ത്രി ഡോ. ഫുവാദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനി പറഞ്ഞു. 
നയത്തിന്‍െറ അന്തിമരൂപം ഈമാസം തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഒമാന്‍ 2020-2040 നയം പ്രകാരമുള്ള വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ നയത്തിന് രൂപം നല്‍കുന്നത്. 
ഇരുമേഖലകളെയും രാജ്യത്തിന്‍െറ സാമ്പത്തിക വികസനത്തിന്‍െറ മുഖ്യഘടകമാക്കുന്നതിനുള്ള പദ്ധതികള്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഒമാന്‍ റേഡിയോയുടെ സാമ്പത്തിക ഫോറം പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.  
മന്ത്രാലയത്തിന്‍െറ ഫിഷറീസ് നയം (2013-2020) പ്രകാരമുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. 
മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് രാജ്യത്തിന്‍െറ തീരപ്രദേശങ്ങളില്‍ നടപ്പാക്കുന്നത്. മീന്‍വളര്‍ത്തലിനായി മത്സ്യസംഭരണികള്‍ ഉള്‍പ്പെടുത്തി ബാത്തിനയില്‍ 20 കിലോമീറ്റര്‍ നീളവും നാലു കിലോമീറ്റര്‍ വീതിയുമുള്ള കോറല്‍ ഗ്രാമം പണിയും. കൂടുതല്‍ മേഖലകളിലേക്ക് മത്സ്യബന്ധനം വ്യാപിപ്പിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളുമുള്ള 500 ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കും. 
ഇതിനുപുറമെ 500 ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്. ഫിഷറീസ് മേഖലയില്‍ 45,000ത്തോളം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഭക്ഷ്യോല്‍പാദന മേഖലയില്‍ 800 മില്യന്‍ റിയാലിന്‍െറ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 
കാര്‍ഷിക മേഖലയുടെ വികസനത്തിന് യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് രാജ്യത്ത് ‘ഹരിത മന്ദിര’ങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒമാന്‍ ഗ്രീന്‍ ബില്‍ഡിങ് സെന്‍റര്‍ ചെയര്‍മാന്‍ ഖാമിസ് ബിന്‍ സാലിം അല്‍ സോലി വ്യക്തമാക്കി. 
സൗരോര്‍ജത്തിന്‍െറയും കാറ്റില്‍നിന്നുള്ള ഊര്‍ജത്തിന്‍െറയും ഉപയോഗം വ്യാപകമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. 
ഒമാന്‍ എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ കീഴില്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ഹരിത മന്ദിരങ്ങള്‍ക്കായി ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും ഒമാന്‍ ഇകണോമിക് ന്യൂസ്പേപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.  കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നതില്‍ 35 മുതല്‍ 50 ശതമാനം വരെ കുറവു ലക്ഷ്യമിട്ടാണ് ഹരിത മന്ദിരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.