21ാം മസ്കത്ത് അന്താരാഷ്ട്ര  പുസ്തകോത്സവം 24ന് തുടങ്ങും

മസ്കത്ത്: 27 അറബ്, വിദേശ രാജ്യങ്ങളില്‍നിന്നുള്ള 650ഓളം പ്രസാധകരും മലയാളമടക്കം രണ്ടര ലക്ഷത്തോളം പുസ്തകങ്ങളും അണിനിരക്കുന്ന 21ാം മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ഈമാസം 24ന് ആരംഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. അബ്ദുല്‍ മുനീം ബിന്‍ മന്‍സൂര്‍ അല്‍ ഹസ്സനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
സുല്‍ത്താന്‍െറ  സാമ്പത്തിക ആസൂത്രണ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അല്‍ സുബൈറിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ മാര്‍ച്ച് അഞ്ചുവരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുന്നത്. 
രണ്ടു വിഭാഗങ്ങളാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒൗദ്യോഗിക ഏജന്‍സികളുടെയും അറബ്-വിദേശ പ്രസാധകരുടെയും അറബി പുസ്തകങ്ങള്‍ അണിനിരക്കുന്ന ‘അല്‍ ഫറഹിദി’യാണ് ഇതിലൊന്ന്. ‘അഹ്മദ് ബിന്‍ മാജിദ്’ വിഭാഗത്തില്‍ വിദേശഭാഷകളിലുള്ള പുസ്തകങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8,550 ചതുരശ്ര മീറ്ററില്‍ 950 പവലിയനുകളാണ് സജ്ജീകരിക്കുക. കഴിഞ്ഞ വര്‍ഷം 7,848 ചതുരശ്ര മീറ്ററില്‍ 872 പവലിയനുകളാണ് ഉണ്ടായിരുന്നത്. പാകിസ്താന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള പ്രസാധകര്‍ ആദ്യമായി പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഒമാനില്‍നിന്നും ജി.സി.സിയടക്കം വിദേശ രാജ്യങ്ങളില്‍നിന്നും 44 ഒൗദ്യോഗിക ഏജന്‍സികള്‍ പങ്കെടുക്കും. പങ്കെടുക്കുന്ന പ്രസാധകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. മീഡിയ സെന്‍റര്‍, സാംസ്കാരിക പരിപാടിക്കും കുട്ടികളുടെ വിനോദത്തിനുമുള്ള വേദികള്‍ എന്നിവയും പുസ്തകോത്സവത്തിന്‍െറ ഭാഗമായി ഒരുക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി പത്തു വരെയാണ് പ്രദര്‍ശനം. 
വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 10വരെയും. ഈമാസം 25, 29, മാര്‍ച്ച് രണ്ട് എന്നീ തീയതികളില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ വിദ്യാര്‍ഥികള്‍ക്ക് മാത്രവും ഈമാസം 28, മാര്‍ച്ച് ഒന്ന്, മൂന്ന് എന്നീ തീയതികളില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മാത്രമാണ് പ്രവേശം അനുവദിക്കുക. കള്‍ചറല്‍ ക്ളബ്, ലിറ്റററി ഫോറം, ഒമാനി ജേണലിസ്റ്റ്സ് അസോസിയേഷന്‍, നാഷനല്‍ യൂത്ത് കമീഷന്‍, നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍, സുല്‍ത്താന്‍ ഖാബൂസ് കോളജ് ഫോര്‍ ടീച്ചിങ് അറബിക് ടീ നോണ്‍ നേറ്റീവ് സ്പീക്കേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സാംസ്കാരിക, സാഹിത്യ, കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലയാള പുസ്തകങ്ങളുടെ വന്‍ ശേഖരവുമായി അല്‍ബാജ് ബുക്സ് ഈ വര്‍ഷവും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം രണ്ടു സ്റ്റാളുകള്‍ ഒരുക്കുമെന്ന്  ജനറല്‍ മാനേജര്‍ ഷൗക്കത്തലി പറഞ്ഞു. മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ പവലിയനില്‍ ലഭ്യമാക്കും. മേളയില്‍ പങ്കെടുക്കുന്ന ഏക മലയാളി പുസ്തക വിതണക്കാരാണ് അല്‍ ബാജ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.