കേരളത്തില്‍ മതേതരത്വം നിലനില്‍ക്കുന്നത്  മദ്യശാലകളില്‍ –എം. മുകുന്ദന്‍

സലാല: കേരളത്തില്‍ മതേതരത്വം നിലനില്‍ക്കുന്നത് മദ്യശാലകളിലാണെന്ന് പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍. അവിടെ സവര്‍ണരും അവര്‍ണരും മതഭിന്നതയില്ലാതെ ഒന്നിച്ച് ആഘോഷിക്കുകയാണ്. കേരളത്തിന്‍െറ പട്ടിണി മാറ്റിയതും സമ്പന്നമാക്കിയതും പ്രവാസികളാണ്. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയെ കേരളം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.  കേരള സാഹിത്യ അക്കാദമിയും സലാലയിലെ മലയാളി സമൂഹവും ചേര്‍ന്നൊരുക്കിയ അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യനാട്ടില്‍ പ്രവാസികള്‍ മലയാളത്തെ സ്നേഹിക്കുന്നു. ഭാഷയുടെ വികാസത്തിനായി പരിശ്രമിക്കുന്നു. കേരളമാകട്ടെ മദ്യത്തിലും സീരിയലിലും മുഴുകി ജീവിക്കുകയുമാണ്. നമ്മള്‍ സ്വപ്നം കാണുന്നത് മലയാളത്തിലാണ്, ഇംഗ്ളീഷിലല്ല. എന്തു വിലകൊടുത്തും നമ്മുടെ മാതൃഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ സക്കറിയ അധ്യക്ഷത വഹിച്ചു. കവി മധുസൂദനന്‍ നായര്‍, സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയംഗം ജോണ്‍ സാമുവല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടന ഭാരവാഹികള്‍ സാഹിത്യകാരന്മാരെ പൊന്നാടയണിയിച്ചു. യു.പി. ശശീന്ദ്രന്‍, സനാതനന്‍, രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. നിഷ്താര്‍ ആമുഖപ്രഭാഷണം നടത്തി. എ.കെ.വി. ഹലീം സ്വാഗതവും വിനയകുമാര്‍ നന്ദിയും പറഞ്ഞു. വയലാര്‍ കവിതകളെ ആസ്പദമാക്കിയുള്ള സംഗീത ശില്‍പം, ബഷീറിന്‍െറയും എം.ടിയുടെയും കഥകളുടെ നാടകാവിഷ്കാരം, കേരള നടനം, സ്കിറ്റ് എന്നിവ അരങ്ങേറി. അക്ഷരോത്സവത്തിന്‍െറ രണ്ടാം ദിവസമായ ഇന്ന് 10.30ന് ക്ളബ് ഓഡിറ്റോറിയത്തില്‍ സാഹിത്യ ശില്‍പശാല നടക്കും. വിദ്യാര്‍ഥികളുടെ സെഷനും സമാന്തരമായി നടക്കും. സാഹിത്യ ശില്‍പശാലയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരാണ് പങ്കെടുക്കുക. മൂന്ന് മണിക്കാരംഭിക്കുന്ന കവി സദസ്സിന് മധുസൂദനന്‍ നായര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10ന് സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാഹിത്യകാരന്മാരുമായുള്ള മുഖാമുഖം നടക്കും. സമൂഹിക-സാംസ്കാരിക മേഖലയിലെ വിഷയങ്ങളില്‍ സാഹിത്യകാരന്മാരുമായി സംവദിക്കാം. കെ. ഷൗക്കത്തലി മോഡറേറ്ററായിരിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.