ഇന്ത്യ പ്രതീക്ഷിക്കുന്നത് 300 മില്യന്‍ ഡോളര്‍ ഒമാന്‍ നിക്ഷേപം

മസ്കത്ത്: ഈ വര്‍ഷം ഒമാനില്‍നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് 300 മില്യന്‍ ഡോളറിന്‍െറ നിക്ഷേപം. ഇന്ത്യ-ഒമാന്‍ സംയുക്ത നിക്ഷേപനിധിയില്‍നിന്ന് ഇത്രയും നിക്ഷേപം പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം വക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇതടക്കമുള്ള ചര്‍ച്ചകളാണ് ന്യൂഡല്‍ഹിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉദ്ഘാടനം ചെയ്ത ഇന്ത്യ ഇന്‍വെസ്റ്റ്മെന്‍റ് ഉച്ചകോടി 2016ല്‍  നടക്കുന്നത്. റോഡ്, റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളില്‍ ആണ് ഇന്ത്യ പ്രധാനമായും ഒമാനില്‍ നിന്ന് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ഒമാന്‍ സംയുക്ത നിക്ഷേപ നിധിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 100 മില്യന്‍ ഡോളറിന്‍െറ നിക്ഷേപം നടന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ 300 മില്യന്‍ ഡോളര്‍ നിക്ഷേപം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. 
ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം ഏകദേശം 7.5 ബില്യന്‍ ഡോളറാകുമെന്നാണ് കണക്കുകൂട്ടലെന്ന് ധനകാര്യ മന്ത്രാലയം വക്താക്കള്‍ വ്യക്തമാക്കി. ഇന്ത്യയും ഒമാനും തമ്മില്‍ പൗരാണിക കാലം മുതല്‍ക്കേയുള്ള ബന്ധം നിലവിലെ വാണിജ്യ-നിക്ഷേപ ഉഭയകക്ഷി ബന്ധത്തിലൂടെ ഏറെ ശക്തി പ്രാപിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ജനറല്‍ റിസര്‍വ് ഫണ്ട് ഫോര്‍ ഒമാനും (എസ്.ജി.ആര്‍.എഫ്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) ആണ് ഇന്ത്യ-ഒമാന്‍ സംയുക്ത നിക്ഷേപ നിധിക്ക് നേതൃത്വം നല്‍കുന്നത്. 
ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാന്‍ കഴിയുന്ന നിരവധി മേഖലകള്‍ ഇനിയുമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒമാനിലെ സ്വദേശി നിക്ഷേപകരെയും ഇന്ത്യന്‍ നിക്ഷേപകരെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ നിശ്ചിത ഇടവേളകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാന്‍ സര്‍ക്കാറിന്‍െറയും വാണിജ്യ-വ്യാപാര-സാമ്പത്തിക നിക്ഷേപ മേഖലകളിലെ സംഘടനകളുടെയും ചേംബര്‍ ഓഫ് കോമേഴ്സിന്‍െറയും ബാങ്കുകളുടെയും പ്രതിനിധികള്‍ക്ക് ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിശദീകരിച്ച് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി കഴിഞ്ഞമാസം 20ന് ഒമാനില്‍ ‘ഇന്‍വെസ്റ്റ് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന്‍െറയും ഫിക്കിയുടെയും സംയുക്ത സംരംഭമായ ‘ഇന്‍വെസ്റ്റ് ഇന്ത്യ’യുടെ പ്രതിനിധികള്‍ രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ വിശദീകരിച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകളും അവതരിപ്പിക്കപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.