കുടുംബങ്ങളില്‍ കൂടിയാലോചനകള്‍ ഉണ്ടാകണം –ഫാ. ജോസഫ് പുത്തന്‍പുരക്കല്‍

മസ്കത്ത്: കുടുംബബന്ധങ്ങളുടെ ശിഥിലീകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്പര ധാരണയും സ്നേഹവും വിശ്വാസവും ത്യാഗമനോഭാവവും കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമീപനവും ഇന്ന് കുടുംബങ്ങളിലുണ്ടാകണമെന്ന് പ്രശസ്ത വാഗ്മിയും ഫാമിലി കൗണ്‍സലറുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ അഭിപ്രായപ്പെട്ടു. 
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ‘കുടുംബ വിശുദ്ധീകരണവും, വിശ്വാസ വളര്‍ച്ചയും’ എന്ന വിഷയത്തില്‍ ക്ളാസ് നയിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൃദ്ധസദനങ്ങള്‍ വര്‍ധിക്കുന്നു. പ്രായമായ മാതാപിതാക്കളെ നടതള്ളുന്ന പ്രവണത കൂടിവരുന്നു. അവരെ കരുതാനും സ്നേഹിക്കാനും നമുക്ക്  കഴിയണം.
 വ്യക്തി, കുടുംബ,സാമൂഹിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ടത് ഇന്നിന്‍െറ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. റൂവി സെന്‍റ് തോമസ് ചര്‍ച്ചില്‍ കുര്‍ബാനക്കുശേഷം നടന്ന കുടുംബസംഗമം ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബസംഗമത്തിന്‍െറ ഭാഗമായി ഇടവകയിലെ 60നു മുകളില്‍ പ്രായമുള്ള അമ്മമാരെ ആദരിച്ച് ‘മാതൃവന്ദനം’, ഗ്രൂപ് ചര്‍ച്ചകള്‍, കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ക്ളാസുകള്‍, യോഗ പരിശീലനം എന്നിവയും നടത്തി. 
സഹ വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ഫാ. വര്‍ഗീസ് ജോര്‍ജ്, ഒമാന്‍ മാര്‍ത്തോമാ ഇടവക സഹവികാരി ജാക്സണ്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. എക്സിക്യൂട്ടിവ് സമിതി അംഗങ്ങളായ ജോണ്‍ തോമസ്, വര്‍ഗീസ് ഡേവിഡ്, ജോണ്‍ പി. ലൂക്ക്, കണ്‍വീനര്‍മാരായ സാം തോമസ്, അജു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.