മസ്കത്ത് ഓഹരി വിപണി  മെല്ളെ മുന്നോട്ട്

മസ്കത്ത്: ജനുവരിയിലുണ്ടായ കൂപ്പുകുത്തലില്‍നിന്ന് കരകയറി മസ്കത്ത് ഓഹരി വിപണി മെല്ളെ മുന്നോട്ട്. ആദ്യ മൂന്ന് ആഴ്ചയിലെ നഷ്ടങ്ങള്‍ നികത്തി നേരിയ മുന്നേറ്റം ഇപ്പോള്‍ കാണിക്കുന്നുണ്ട്. ജി.സി.സി ഓഹരി വിപണിയെ മുഴുവനായി ബാധിച്ചപോലെ എണ്ണവില കുറഞ്ഞ നിരക്കിലത്തെിയതാണ് മസ്കത്ത് ഓഹരി വിപണി തകരാന്‍ പ്രധാന കാരണമായത്. അമേരിക്കന്‍ ഡോളറിന് നേരിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് ഓഹരി വിപണിക്കും ഉണര്‍വ് പകരുന്നുണ്ട്. ജനുവരി അവസാന വാരം എണ്ണവിലയില്‍ വര്‍ധന കാണിച്ചുതുടങ്ങിയതോടെ പുരോഗതിയുണ്ടെങ്കിലും മുന്‍ നഷ്ടം നികത്താന്‍ ഇത് പര്യാപ്തമല്ളെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ജനുവരിയില്‍ മസ്കത്ത് ഓഹരി വിപണി വന്‍ തകര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഓഹരി വിപണി സൂചിക 3.21 ശതമാനം ഇടിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. നിക്ഷേപകര്‍ക്ക് മൊത്തം 250 ദശലക്ഷം റിയാലിന്‍െറ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. മൊത്തം സൂചിക 4,867 എന്ന പോയിന്‍റില്‍ വരെ ക്ളോസ് ചെയ്തു. മിക്ക ഓഹരികളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലത്തെി. 40 കമ്പനികളുടെ ഓഹരി വില കുറഞ്ഞു. 13 എണ്ണത്തിന്‍േറത് ഉയര്‍ന്നു. 23 എണ്ണത്തിന്‍േറത് മാറ്റമില്ലാതെ തുടര്‍ന്നു. 15.4 ശതമാനം വര്‍ധന കാട്ടിയ അല്‍ ജസീറ സ്റ്റീലാണ് നേട്ടം കൊയ്തത്. ദോഫാര്‍ ബാങ്കിന്‍േറത് 11.6 ശതമാനവും തക്ഫുല്‍ ഒമാന്‍ ഇന്‍ഷുറന്‍സിന്‍േറത് 11 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 22 ശതമാനത്തിന്‍െറ ഇടിവുണ്ടായ റിനൈസന്‍സ് സര്‍വിസ് ആണ് ഏറ്റവും നഷ്ടം നേരിട്ടത്. ഗള്‍ഫാര്‍ എന്‍ജിനീയറിങ് 20 ശതമാനം ഇടിവും അല്‍ ജസീറ സര്‍വിസസ് 19.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 2016 ജനുവരിയിലെ വിപണന മൂല്യം 78.2 മില്യന്‍ റിയാല്‍ ആണ്. 2015 ഡിസംബറിനേക്കാള്‍ 54 ശതമാനം കുറവാണിത്. ഡിസംബറില്‍ 173.1 മില്യന്‍ റിയാല്‍ ആയിരുന്നു വിപണന മൂല്യം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.