സൈക്കിളില്‍ 87,000 കി.മീറ്റര്‍;  പീറ്റര്‍ ഇനി അബൂദബിക്ക്

മസ്കത്ത്: 2005ലാണ് ഇംഗ്ളണ്ടുകാരനായ പീറ്റര്‍ ഗോസ്റ്റെലോ സൈക്കിളില്‍ കറങ്ങല്‍ തുടങ്ങിയത്. ഇതുവരെ പിന്നിട്ടത് 87,000 കിലോമീറ്ററിലേറെ. സന്ദര്‍ശിച്ചത് 30 രാജ്യങ്ങളും. തന്‍െറ മൂന്നാമത്തെ പര്യടനം ആഫ്രിക്കയിലെ താന്‍സനിയയില്‍നിന്ന് ആരംഭിച്ച ഈ 37കാരന്‍ ഒമാനിലൂടെ യാത്ര തുടരുകയാണ്. 3,000 കി.മീ. പിന്നിട്ട യാത്ര അബൂദബിയില്‍ അവസാനിപ്പിക്കാനാണ് പരിപാടി. 
ഇംഗ്ളീഷ് അധ്യാപകനും യാത്രികനും ഫോട്ടോഗ്രാഫറുമായ പീറ്ററിന്‍െറ ആദ്യ പര്യടനം 2005 മുതല്‍ 2008 വരെയായിരുന്നു. അന്ന് ജപ്പാന്‍ മുതല്‍ ഇംഗ്ളണ്ട് വരെ 50,000 കിലോമീറ്റര്‍ ആണ് സൈക്കിള്‍ ചവിട്ടിയത്. 2009 മുതല്‍ 2012 വരെയുള്ള രണ്ടാമത്തെ പര്യടനം ഇംഗ്ളണ്ടില്‍നിന്ന് കേപ്ടൗണിലേക്കായിരുന്നു. 34,000 കിലോമീറ്റര്‍ യാത്രക്കുശേഷം 2013ല്‍ താന്‍സാനിയയിലെ ഗവണ്‍മെന്‍റ് എജുക്കേഷന്‍ കോളജില്‍ ട്രെയ്നറായി ജോലിക്ക് കയറി. കഴിഞ്ഞ വര്‍ഷം മേയില്‍ കരാര്‍ അവസാനിച്ചപ്പോള്‍ വീണ്ടും യാത്ര തുടങ്ങുകയായിരുന്നു.   കഴിഞ്ഞ പര്യടനത്തില്‍ കാണാന്‍ കഴിയാതിരുന്ന ഒമാനിലെ പര്‍വതങ്ങള്‍, ചരിത്രനഗരങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ കാണുകയാണ് ഈ യാത്രയിലെ ലക്ഷ്യം. ഒമാനിലെ യാത്രയും വഴിയരികില്‍ കൂടാരമടിച്ചുള്ള താമസവും സുരക്ഷിതവും സമ്മര്‍ദരഹിതവുമാണെന്ന് പീറ്റര്‍ പറയുന്നു. എറിക്, അമയ എന്നീ സൈക്കിള്‍ സഞ്ചാരികളെ ഒമാനിലെ യാത്രക്കിടയില്‍ കാണാനും അനുഭവങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞു. 10 വര്‍ഷമായി സൈക്കിളില്‍ ലോകം ചുറ്റുന്ന എറിക്കും അമയയും എത്തുന്ന 100ാമത്തെ രാജ്യമാണ് ഒമാന്‍. ‘പ്രത്യേക ദൗത്യവും സന്ദേശവുമായൊന്നുമല്ല ഞാന്‍ സൈക്കിളില്‍ ലോകം ചുറ്റുന്നത്. വിവിധ നാടുകളെയും സംസ്കാരങ്ങളെയും അടുത്തറിയാന്‍ ഇതാണ് സൗകര്യം. സാഹസികതയുടെയും വ്യായാമത്തിന്‍െറയും ഒരു സങ്കലനവും ഇതിലുണ്ട്. പുതിയ സ്ഥലങ്ങളെയും ആളുകളെയും കാണുന്നത് വളരെ ഇഷ്ടമാണ്’- പീറ്റര്‍ പറയുന്നു. ഒമാനികളുടെ ആതിഥ്യമര്യാദയെ കുറിച്ച് പറയുമ്പോള്‍ പീറ്ററിന് നൂറുനാവ്. ‘ഒമാനികള്‍ വീടുകളില്‍ കൊണ്ടുപോയി സല്‍ക്കരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ഈ രാജ്യത്തിന്‍െറ പാരമ്പര്യവും സംസ്കാരവും അടുത്തറിയാന്‍ അതുമൂലം കഴിഞ്ഞു’- പീറ്റര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.