മസ്കത്ത്: തമിഴ്നാട്ടിൽ വർദ ചുഴലിക്കാറ്റ് അടിച്ചുവീശിയത് കാരണം മസ്കത്തിൽനിന്നുള്ള ചെന്നൈ വിമാനങ്ങൾ പലതും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് തുടർനടപടികൾക്കായി ഡൽഹിയിൽനിന്നുള്ള അറിയിപ്പിന് കാത്തിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് ചെന്നൈയിൽ വർധ ചുഴലിക്കാറ്റ് അടിച്ചുവീശിയത്.
മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് അടിച്ചുവീശിയത്. ശക്തമായ കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. മസ്കത്ത്–ചെന്നൈ ഡബ്ല്യു.വൈ–253 വിമാന സർവിസ് റദ്ദാക്കിയതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് വിമാനം റദ്ദാക്കാൻ കാരണമെന്നും അധികൃതർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ വിമാനത്താവളം വൈകീട്ട് 5.30 വരെ അടച്ചിടുകയും ചെയ്തിരുന്നു. ശക്തമായ ചുഴലിക്കാറ്റ് എയർ ഇന്ത്യ എക്സ്പ്രസിനെയും ബാധിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രി 11നുള്ള ചെന്നൈ വിമാനം സർവിസ് നടത്തണമോ എന്ന കാര്യത്തിൽ ഡൽഹിയിൽനിന്നുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് മസ്കത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈയിലേക്ക് ദിനേന സർവിസ് നടത്തുന്നുണ്ട്. ജെറ്റ് എയർവേസ് ചെന്നൈയിലേക്ക് നേരിട്ട് സർവിസ് നടത്തുന്നില്ല. ചെന്നെയിൽനിന്നുള്ള പ്രാദേശിക വിമാന സർവിസുകൾ ജെറ്റ് എയർവേസ് റദ്ദാക്കിയിട്ടുണ്ട്. മസ്കത്തിൽനിന്ന് മറ്റ് ഭാഗങ്ങളിലേക്കുള്ള വിമാന സർവിസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ജറ്റ് എയർവേസ് അധികൃതർ പറഞ്ഞു. ചെന്നെയിൽ ഇനിയും കാലാവസ്ഥാ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പല സർവിസുകളും മുടങ്ങും. തിങ്കളാഴ്ച രാവിലെ 7.50നാണ് ചെന്നൈയിലേക്ക് അവസാന വിമാനം ഇറങ്ങിയത്.
8.20ന് ഇത് പറന്നുയരുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ നിമിത്തം 27 വിമാനങ്ങൾ തിരിച്ചുവിടുകയും നിരവധി സർവിസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. കൊളംബോയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.