മസ്കത്ത്: സ്വദേശി അധ്യാപകരുടെ ദൗര്‍ലഭ്യം കാരണം അധ്യാപനരംഗത്ത് വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു. 2010-11 വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ 6.15 ശതമാനമാണ് സ്വദേശി അധ്യാപകരുടെ എണ്ണത്തിലുണ്ടായ കുറവ്. വിദ്യാഭ്യാസ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 2010-11 അധ്യയന വര്‍ഷത്തില്‍ 89.2 ശതമാനമായിരുന്നു സ്വദേശിവത്കരണ നിരക്ക്. എന്നാല്‍, 2014-15 അധ്യയന വര്‍ഷമായപ്പോഴേക്ക് ഇത് 83.4 ശതമാനമായി കുറഞ്ഞു.
പ്രതിവര്‍ഷം 1.76 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തില്‍ ഭീമമായ കുറവുണ്ടായി. 2010-11 അധ്യയന വര്‍ഷത്തില്‍ 38 ശതമാനം സ്വദേശികളുണ്ടായിരുന്നത് 2014-15ല്‍ 25.6 ശതമാനത്തിലേക്ക് താഴ്ന്നു. 2014-15ല്‍ വിദേശ അധ്യാപകര്‍ വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ സ്വദേശി അധ്യാപകരുടെ എണ്ണത്തില്‍ സാവധാനത്തിലുള്ള വളര്‍ച്ച മാത്രമേ ഉണ്ടായുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപക തസ്തികകളില്‍ സ്വദേശിവത്കരണം ക്രമേണ കുറയാന്‍ ഇത് കാരണമാക്കി. ചില വിഷയങ്ങളില്‍ ഒമാനി അധ്യാപകരുടെ ദൗര്‍ലഭ്യമാണ് സ്വദേശിവത്കരണ നിരക്ക് കുറയാനിടയാക്കിയത്. ഈ ഒഴിവുകളില്‍ വിദേശി അധ്യാപകര്‍ പെട്ടെന്ന് നിയമനം നേടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒമാനി അധ്യാപകരുടെ മരണവും വിരമിക്കലും ഈ പ്രവണതക്കുള്ള മറ്റു കാരണങ്ങളാണ്. ചില സ്വദേശി അധ്യാപകര്‍ മിനിമം സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നേടി പിരിയുകയായിരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ പ്രവേശനം നേടിയതിന് ആനുപാതികമായി അധ്യാപക നിയമനം വര്‍ധിച്ചതും വിദേശി അധ്യാപകര്‍ കൂടാന്‍ ഇടയാക്കി. ഈ വസ്തുതകളൊക്കെ നിലനില്‍ക്കേ സ്വദേശികള്‍ക്കുള്ള അധ്യാപന പരിശീലന പദ്ധതി കാരണം വരും വര്‍ഷങ്ങളില്‍ അധ്യാപനരംഗത്തെ സ്വദേശിവത്കരണം വര്‍ധിക്കുമെന്ന് വിദ്യാഭ്യാസ സമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.