ജൂണില്‍ റോഡില്‍ പൊലിഞ്ഞത്  65 ജീവനുകള്‍

മസ്കത്ത്: ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കുകയും ശിക്ഷാ നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടും റോഡില്‍ ജീവന്‍ പൊലിയുന്നത് വര്‍ധിക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 65 ജീവനുകളാണ് പൊലിഞ്ഞത്. ദിവസവും രണ്ടു ജീവന്‍ വീതം കുരുതി കഴിക്കപ്പെട്ടു. എന്നാല്‍, ഗതാഗത നിയമങ്ങള്‍ ശക്തമാക്കിയതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 
റോഡിലെ കുരുതി അവസാനിപ്പിക്കാനും അപകടങ്ങള്‍ കുറക്കാനും നിരവധി നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഗതാഗത നിയമ ലംഘകര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് റോഡില്‍ അപകടം കുറയാന്‍ തുടങ്ങിയത്. എങ്കിലും, റോഡപകടം മൂലമുണ്ടാവുന്ന മരണങ്ങള്‍ കുറക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്. ജൂണില്‍ 333 റോഡപകടങ്ങളില്‍ 65 പേര്‍ കൊല്ലപ്പെടുകയും 234 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരില്‍ 35 പേര്‍ സ്വദേശികളും 30 പേര്‍ വിദേശികളുമാണ്.  55 ശതമാനം അപകടങ്ങളും പകല്‍ സമയത്താണ് നടന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് കാപിറ്റല്‍ ഏരിയയിലാണ്. 
മൊത്തം റോഡപകടത്തിന്‍െറ 26.7 ശതമാനമാണ് കാപിറ്റല്‍ മേഖലയില്‍ നടക്കുന്നത്. രണ്ടാം സ്ഥാനത്ത് തെക്കന്‍ ബാത്തിനയാണ്. 16.2 ശതമാനം അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. അതേസമയം, കഴിഞ്ഞ ജൂണിനേക്കാള്‍ വാഹനാപകടങ്ങളുടെ എണ്ണം 38.6 ശതമാനം കുറഞ്ഞിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ കഴിയുമെങ്കില്‍ അപകടങ്ങള്‍ ഇനിയും കുറക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. 
അടുത്ത മാസം ആദ്യം പുതിയ ഗതാഗത നിയമം നിലവില്‍വരുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.