കൊല്ലപ്പെട്ട മലയാളി നഴ്സിന്‍െറ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയേക്കും

മസ്കത്ത്: സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍െറ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയേക്കും. ഞായറാഴ്ച രാത്രി ഒമ്പതരക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കുമെന്ന് സലാലയിലുള്ള ബന്ധു ജയ്സണ്‍ പറഞ്ഞു.
മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച നല്‍കാമെന്ന് പൊലീസ് വാക്കാല്‍ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭര്‍ത്താവ് ലിന്‍സണ്‍ മൃതദേഹത്തിനൊപ്പം നാട്ടില്‍പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യത ചുരുക്കമാണ്. ലിന്‍സനില്‍നിന്നുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
അന്വേഷണത്തിന്‍െറ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലിന്‍സനെ പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവിടാത്തതെന്ന് ജയ്സണ്‍ പറഞ്ഞു. മരണം നടന്നതിന്‍െറ പിറ്റേദിവസം മുതല്‍ ലിന്‍സന്‍ തെളിവെടുപ്പിനായി സ്റ്റേഷനില്‍തന്നെയാണ്. മാനസികമായും ശാരീരികമായും ലിന്‍സണ്‍ ഏറെ തളര്‍ന്ന നിലയിലാണെന്നും ജയ്സണ്‍ പറഞ്ഞു. സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ 20ന് രാത്രി പത്തുമണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്.  
കാതുകള്‍ അറുത്ത നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയുമായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്.
എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി.ആര്‍.ഒ ആയ ജയ്സണ്‍ അന്വേഷിച്ച് ഫ്ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ഫ്ളാറ്റിന്‍െറ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്.
കേവലം മോഷണത്തിനുവേണ്ടിയല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം
പുരോഗമിക്കുന്നത്. അന്വേഷണ ഭാഗമായി ആശുപത്രിയിലെ പുരുഷജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.