ഒമാനി സ്കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചു

മസ്കത്ത്: ഒമാനി സ്കൂളുകളില്‍ സുരക്ഷിത ഗതാഗത സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. മൂന്നു സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംവിധാനം വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് അല്‍ ഷിബാനിയ ഉദ്ഘാടനം ചെയ്തു. ദര്‍ബ് അല്‍ സലാമ (സുരക്ഷിത യാത്ര) എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വിജയകരമെന്ന് കണ്ടാല്‍ മുഴുവന്‍ പബ്ളിക് സ്കൂളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം വക്താവ് അറിയിച്ചു. 
വടക്കന്‍ ബാത്തിനയില്‍ ഉമ്മുഖല്‍ദും, ഖുറിയാത്തിലെ ഖൗല ബിന്‍ത് അല്‍ യമാന്‍, ബോഷറിലെ അല്‍ ഉല എന്നീ സ്കൂളുകളിലാണ് പരീക്ഷണ സംവിധാനം ആരംഭിച്ചത്. സുരക്ഷാ സംവിധാനത്തിന്‍െറ ഭാഗമായി സ്കൂള്‍ ബസിന് പുറത്ത് നാലു കാമറയും ബസിനകത്ത് രണ്ടു കാമറയും സ്ഥാപിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ബസിന്‍െറ മുന്‍വശത്തും പിന്‍വശത്തുമായി എട്ട് സെന്‍സറുകളും സ്ഥാപിക്കും. ബസിന്‍െറ യാത്രാപഥം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് സംവിധാനവും ഘടിപ്പിക്കും. കാമറകളില്‍നിന്നും സെന്‍സറില്‍നിന്നുമുള്ള വിവരങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി സ്കൂളില്‍ സുരക്ഷിത ഗതാഗതത്തിന്‍െറ ചുമതലയുള്ളയാള്‍ക്ക് ഇത് അയച്ചുകൊടുക്കുകയും ചെയ്യും. 
സര്‍വിസ് അവസാനിച്ചശേഷം ബസില്‍ ഒരു കുട്ടിയും ശേഷിക്കുന്നില്ല എന്നതടക്കം വിവരങ്ങള്‍ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. രക്ഷാകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുമായും ഈ സംവിധാനം ബന്ധിപ്പിക്കും. ഇതുവഴി കുട്ടി സ്കൂളിലും വീട്ടിലും എത്തിയാല്‍ മൊബൈല്‍ഫോണില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.