രണ്ടു വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരടക്കം എട്ടു മരണം

മസ്കത്ത്: ഒമാനില്‍ രണ്ടു വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരടക്കം എട്ടു പേര്‍ മരിച്ചു. മസ്കത്തിലെ അല്‍ ഖുവൈറില്‍ ശനിയാഴ്ച പുലര്‍ച്ചെയും ആദം മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുമാണ് അപകടങ്ങളുണ്ടായത്. പുണെ നാസിക് സ്വദേശികളായ ബൈറൂസ് ഇറാനിയും ഭാര്യ മോനയും ഇളയമകന്‍ ആരോണും ഭാര്യാ മാതാവുമാണ് അല്‍ ഖുവൈറിലുണ്ടായ അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മൂത്തമകന്‍ ഫര്‍ഹാനെ ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ ഖുവൈര്‍ മസ്കത്ത് ബേക്കറിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. റുസ്താഖില്‍ വിനോദയാത്രപോയി മടങ്ങിവരുകയായിരുന്നു കുടുംബം. വാഹനം നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് പാലത്തിന്‍െറ തൂണിലിടിക്കുകയായിരുന്നു. 
വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയായ ഇളയമകന്‍ സംഭവസ്ഥലത്തുവെച്ചും ഗുരുതര പരിക്കേറ്റ മൂന്നുപേര്‍ ഖൗല ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. വാദി കബീര്‍ സ്കൂളില്‍തന്നെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ മൂത്തമകന്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാരാന്ത്യം ആഘോഷിക്കാന്‍ റുസ്താഖില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ബൈറൂസ് ഇറാനിയുടെ ഭാര്യാപിതാവടക്കം ബന്ധുക്കള്‍ മറ്റൊരു വാഹനത്തില്‍ പിന്നിലുണ്ടായിരുന്നു.

ആദം പ്രവിശ്യയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍
 


 ആദ്യം ടൊയോട്ടയിലായിരുന്ന ബൈറൂസ് ഇപ്പോള്‍ റെന്‍റ് എ കാര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.  ആദം പ്രവിശ്യയിലെ ഒൗഫിയാഹ് മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ അപകടത്തിലാണ് നാലു യു.എ.ഇ സ്വദേശികള്‍ മരിച്ചത്. 
സലാലയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ഫോര്‍വീല്‍ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം നിശ്ശേഷം തകര്‍ന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാപരിധി കുറഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. രണ്ടുവരി പാതയായ ആദം-സലാല റോഡില്‍ അപകടങ്ങള്‍ പതിവാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.