ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് കെ. റെജിമോന്‍ രാജിവെച്ചു

മസ്കത്ത്: ഇന്ത്യന്‍ സ്കൂളുകളുടെ ഉന്നതതല ഭരണസമിതിയായ ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജി. മാധ്യമപ്രവര്‍ത്തകനും ബോര്‍ഡംഗവുമായ കെ. റെജിമോനാണ് രാജി സമര്‍പ്പിച്ചത്.
ബോര്‍ഡില്‍ ചിലരുടെ സ്വേച്ഛാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളാണ് റെജിമോന്‍. ബോര്‍ഡ് ചെയര്‍മാന് രാജിക്കത്ത് നല്‍കിയതായി ഇദ്ദേഹം സ്ഥിരീകരിച്ചു.
 എന്നാല്‍, രാജിയുടെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
കത്തില്‍ എല്ലാം വിശദമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്നും റെജിമോന്‍ പറഞ്ഞു.
രാജിസംബന്ധിച്ച് ബി.ഒ.ഡി അധികൃതരും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസം ബോര്‍ഡ് ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളന വേദിയില്‍ ബോര്‍ഡംഗങ്ങളില്‍ പലരെയും അറിയിക്കാതെയാണ് വാര്‍ത്താസമ്മേളനം നടത്തുന്നത് എന്നാരോപിച്ച് റെജിമോന്‍ ബോര്‍ഡ് മേധാവികളോടും മാധ്യമപ്രവര്‍ത്തകരോടും പരസ്യമായി തട്ടിക്കയറി അസഭ്യവര്‍ഷം നടത്തിയിരുന്നു. ഇത് വിവാദമായിരിക്കെയാണ് രാജി.
ബോര്‍ഡ് മേധാവികളുടെ സ്വേച്ഛാധിപത്യത്തില്‍  പ്രതിഷേധിച്ചാണ് റെജിമോന്‍െറ രാജിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളുടെ എസ്.എം.എസ്, വാട്ട്സ്ആപ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.