മത്ര സൂഖ് പൂര്‍വസ്ഥിതിയിലേക്ക്

മസ്കത്ത്: മഴക്കെടുതി നാശനഷ്ടമുണ്ടാക്കിയ മത്ര സൂഖ് പൂര്‍വസ്ഥിതിയിലേക്ക്. വെള്ളം കയറിയ കടകളിലെ ഉടമകളും ജീവനക്കാരുമെല്ലാം ശനിയാഴ്ച മഴവെള്ളത്തില്‍ കുതിര്‍ന്ന സാധനങ്ങള്‍ വൃത്തിയാക്കുന്നതിന്‍െറയും ഉണക്കിയെടുക്കുന്നതിന്‍െറയും തിരക്കിലായിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ മൊത്തം സൂഖിലും കച്ചവടം കുറവായിരുന്നെന്ന് വ്യാപാരികള്‍ പറഞ്ഞു. കോര്‍ണിഷ് ഭാഗത്തുള്ള മിക്ക കടകളിലും വെള്ളിയാഴ്ച ഉച്ചക്കുശേഷം പെയ്ത ശക്തമായ മഴയില്‍ വെള്ളം പൊങ്ങിയിരുന്നു. ഉരുള്‍പൊട്ടിയപോലെ ഒരാള്‍ പൊക്കത്തിലാണ് വെള്ളം ഉയര്‍ന്നുപൊങ്ങിയത്. ഭീതിപരത്തുംവിധം ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. 
ഇത്തരം വാദികള്‍ ഒഴുകിവരുന്നതിനാല്‍ പഴയകാല സൂഖില്‍ കടകള്‍ ഉയര്‍ത്തിയാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍, പഴയ സൂഖ് പുതുക്കിപ്പണിതപ്പോള്‍ കടകളുടെ ഉയരത്തില്‍ കുറവുവരുത്തി. അതിനാല്‍, വര്‍ഷത്തിലൊരിക്കല്‍ ഇത്തരം നഷ്ടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. മഴ അല്‍പസമയം പെയ്താല്‍ സൂഖില്‍ വെള്ളപ്പാച്ചിലുണ്ടാകും. സമീപത്തെ അണക്കെട്ട് നിറഞ്ഞുള്ള വെള്ളവും മലകളില്‍ പെയ്യുന്ന വെള്ളവുമെല്ലാം സൂഖിലൂടെയാണ് കടലില്‍ പതിക്കുന്നത്. സൂഖില്‍ ഡ്രെയ്നേജ് സംവിധാനമില്ലാത്തതാണ് പ്രശ്നത്തിന് കാരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകാവുന്ന തരത്തില്‍ ഭൂമിക്കടിയിലൂടെ ഓവുചാലുകള്‍ നിര്‍മിച്ചാല്‍ വെള്ളപ്പാച്ചില്‍ മൂലമുണ്ടാകുന്ന ദുരിതം ഒഴിവാക്കാന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു. 
വെള്ളക്കെടുതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ നഷ്ടം ഉടമകള്‍ സഹിക്കേണ്ട സ്ഥിതിയാണ്. നഷ്ടം സംഭവിച്ചാലും ജീവാപായം ഉണ്ടായില്ളെന്ന ആശ്വാസത്തിലാണ് ഇവിടത്തെ മലയാളികള്‍ അടക്കമുള്ള വ്യാപാരികള്‍. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.