എണ്ണമേഖലയില്‍ 881 സ്വദേശികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്

മസ്കത്ത്: എണ്ണ ഖനനമേഖലയിലെ കരാര്‍ കമ്പനികളില്‍നിന്ന് സ്വദേശികളെ വ്യാപകമായി പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. 881 പേര്‍ക്ക് ഇതുവരെ തൊഴില്‍ നഷ്ടമായതായി അല്‍ ബലദ് വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ക്കും തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. 
പിരിച്ചുവിടപ്പെട്ടവര്‍ക്ക് മറ്റു തൊഴിലുകള്‍ ലഭ്യമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടര്‍ ലേബര്‍ യൂനിയന്‍ പ്രസിഡന്‍റ് സൗദ് അല്‍ സല്‍മി അറിയിച്ചു. ബന്ധപ്പെട്ട കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ഇല്ളെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കണം. 
അല്ലാത്ത പക്ഷം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യൂനിയന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. കരാര്‍ കമ്പനികളിലെ സ്വദേശികളുടെ തൊഴില്‍നഷ്ടം ചര്‍ച്ചചെയ്യാന്‍ യൂനിയന്‍ അടുത്ത ആഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അല്‍ സല്‍മി അറിയിച്ചു. യോഗത്തില്‍ എല്ലാ ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സ്വദേശികളുടെ തൊഴില്‍ നഷ്ടം ഇല്ലാതാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നതുസംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എണ്ണ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളെല്ലാംതന്നെ കമ്പനികള്‍ക്ക് കരാര്‍ നീട്ടിനല്‍കിയിട്ടുണ്ടെന്ന് അല്‍ സല്‍മി പറഞ്ഞു. സേവനം ആവശ്യമില്ലാഞ്ഞിട്ടുകൂടി സ്വദേശികള്‍ക്ക് തൊഴില്‍നഷ്ടം ഇല്ലാതിരിക്കുന്നതിനാണ് കരാറുകള്‍ നീട്ടിനല്‍കിയത്. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ചയിലെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചചെയ്ത് കൈക്കൊള്ളേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതടക്കം കമ്പനികള്‍ക്ക് നിരവധി കരാറുകള്‍ നഷ്ടമായതായി കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതിനിടെ 1100ഓളം പേര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമുണ്ടായതായി അനൗപചാരിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്കും  തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.