നൂറിലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

മസ്കത്ത്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയദശമി ദിനത്തില്‍ നൂറിലധികം കുരുന്നുകള്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ആദ്യാക്ഷരം കുറിച്ചു. മസ്കത്ത് അദ്ധ്യാത്മ സമിതി, മലയാളം വിഭാഗം, കലാഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എഴുത്തിനിരുത്ത് നടന്നു. വിവിധ ഭാഷാ പണ്ഡിതന്മാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി. 
മസ്കത്ത് അദ്ധ്യാത്മ സമിതി ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കലാമണ്ഡലം ഹാളിലാണ് എഴുത്തിനിരുത്തല്‍ നടന്നത്. നൂറോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരുന്നു. ഇത് 13ാം വര്‍ഷമാണ് അധ്യാത്മ സമിതി എഴുത്തിനിരുത്ത് സംഘടിപ്പിച്ചത്. വിവിധ ഭാഷാ ഗുരുക്കന്മാര്‍ പങ്കെടുത്ത ചടങ്ങില്‍  മലയാളം, തമിഴ്, സംസ്കൃതം ഭാഷകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. 
മുന്‍വര്‍ഷങ്ങളില്‍ റൂവി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തിവന്ന പരിപാടി ഇക്കുറി ഹാള്‍ ലഭിക്കാത്തതിനാലാണ് കലാമണ്ഡലം ഹാളിലേക്ക് മാറ്റിയത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗം ആഭിമുഖ്യത്തില്‍ മലയാളം വിഭാഗം ഓഫിസില്‍ എഴുത്തിനിരുത്തല്‍ നടന്നു. 
ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ്കുമാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. മലയാളം വിഭാഗം കണ്‍വീനര്‍ ജി.കെ. കാരണവര്‍, മറ്റു ഭാരവാഹികളായ കെ.എ. താജുദ്ദീന്‍, ശ്രീകുമാര്‍. എസ്, പാപ്പച്ചന്‍ പി.ദാനിയേല്‍, പി. ശ്രീകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 
നഖല്‍, നിസ്വ, സൂര്‍, സൊഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരടക്കം കുരുന്നുകള്‍ ആദ്യാക്ഷരത്തിന്‍െറ മാധുര്യം നുണയാന്‍ ഇവിടെ എത്തി. മലയാളം വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എന്‍െറ കേരളം ക്വിസ് മത്സരം ശനിയാഴ്ച നടക്കും. കലാഭവന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെപോലെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. 
അല്‍ ഗൂബ്ര, റൂവി, അല്‍ഹെയില്‍ ശാഖകളില്‍ വിദ്യാരംഭം നടന്നു. കലാഭവനിലെ അധ്യാപകരാണ് എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കിയത്. വിജയദശമി ദിനത്തില്‍ 82ഓളം കുട്ടികള്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്നതായും കലാഭവന്‍ അധികൃതര്‍ അറിയിച്ചു. 
എസ്.എന്‍.ഡി.പി സൂര്‍ ശാഖയുടെ നേതൃത്വത്തില്‍ പൂജവെപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നു. പൂജ, ഭജന എന്നിവയും നടന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീധര്‍ എസ്. പിള്ള ക്വിസ് മാസ്റ്ററായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.