ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒമാന്‍ നാളെ ബൂത്തിലേക്ക്

മസ്കത്ത്: ഒമാന്‍െറ എട്ടാമത് മജ്ലിസുശൂറ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് വോട്ടിങ് സമയം.  85 മജ്ലിസുശൂറ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 6,12,000 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 61 മന്ധലങ്ങളില്‍ 107 പോളിങ് ബൂത്തുകളാണുള്ളത്. 596 പേര്‍ മത്സരരംഗത്തുണ്ട്. ഇതില്‍ 20 പേര്‍ വനിതകളാണുള്ളത്. മാസങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ അവരുടെ പേരും ഫോട്ടോയുമുള്ള വന്‍ ബോര്‍ഡുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. പല സ്ഥാനാര്‍ഥികളും സോഷ്യല്‍ മീഡിയയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 
നാളെ രാത്രിയോടെ തന്നെ ഫലങ്ങള്‍ അറിയാനാവും. മജ്ലിസുശൂറ തെരഞ്ഞെടുപ്പിന് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രംഗത്തുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ യോഗം അല്‍ ഖുവൈര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി കേന്ദ്ര ഓഫിസില്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടെല്‍, ഒമാന്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി കമ്മിറ്റി ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി ചെയര്‍മാനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്‍െറ 107 പോളിങ് ബൂത്തുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. 
എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സ്ഥാപിക്കുകയും വോട്ട് ചെയ്യാനത്തെുന്നവര്‍ക്ക് വിശ്രമിക്കാന്‍ കസേരകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേരുവിവരം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ബുത്തുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വലിയൊരു ഭാഗം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോധമില്ലാത്തതിനാലാണ് പലരും വോട്ട് ചെയ്യാതിരുന്നത്. 
ശക്തമായ ബോധവത്കരണം നടന്നതിനാല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഇത്തവണ ബൂത്തിലത്തെും. അതിനാല്‍, ഇത്തവണ തെരഞ്ഞെടുപ്പിന് വാശി വര്‍ധിക്കാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.