ഒമാന്‍ എയറിന്‍െറ ഡ്രീംലൈനര്‍ വിമാനം ആദ്യ സര്‍വിസ് നടത്തി

മസ്കത്ത്: ഒമാന്‍ എയര്‍ വിമാനനിരയിലെ പുതിയ അംഗമായ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ആദ്യ സര്‍വിസ് നടത്തി. മസ്കത്തില്‍നിന്ന് സലാലയിലേക്കായിരുന്നു ആദ്യ സര്‍വിസ്.  
ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പോള്‍ ഗ്രിഗറോവിച്ചും മുതിര്‍ന്ന മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങളും വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമടക്കം വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ ആദ്യയാത്രയില്‍ പങ്കാളികളായി. 
പബ്ളിക് അതോറിറ്റി ഫോര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി അതിഥികളെ സ്വാഗതം ചെയ്തു. മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ 8.45ന് പുറപ്പെട്ട വിമാനം ഒന്നര മണിക്കൂറെടുത്താണ് സലാലയില്‍ ഇറങ്ങിയത്. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതാകും ഡ്രീംലൈനര്‍ സര്‍വിസെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു. സുഖയാത്രക്കുപുറമെ ഏറ്റവും നൂതനമായ ഇന്‍ഫൈ്ളറ്റ് വിനോദ സംവിധാനവും രുചികരമായ ഭക്ഷണവും ഡ്രീംലൈനര്‍ യാത്രയെ വേറിട്ടതാക്കുമെന്നും സി.ഇ.ഒ പറഞ്ഞു. ഒമാന്‍ എയറിന്‍െറ ചരിത്രത്തില്‍ വേറിട്ട് എഴുതപ്പെടുന്ന മുഹൂര്‍ത്തമാണ് ഡ്രീംലൈനര്‍ സര്‍വിസെന്ന് ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി പറഞ്ഞു. 18 സീറ്റുകളാണ് ഡ്രീംലൈനറിന്‍െറ ബിസിനസ് ക്ളാസില്‍ ഉള്ളത്. കിടക്കയായി മാറ്റാവുന്ന സീറ്റ്, ഇന്‍ഫൈ്ളറ്റ് വിനോദ സംവിധാനം ഒരുക്കുന്ന 17 ഇഞ്ച് മോണിറ്റര്‍ എന്നിവയാണ് ബിസിനസ് ക്ളാസ് സവിശേഷതകള്‍. ഇക്കോണമി ക്ളാസില്‍ 249 സീറ്റുകളാണ് ഉള്ളത്. ഓരോ സീറ്റുകള്‍ക്കുപിന്നിലുമുള്ള 10.6 ഇഞ്ച് മോണിറ്ററില്‍ വിനോദ പരിപാടികള്‍ വീക്ഷിക്കാം. ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും ചാര്‍ജ് ചെയ്യുന്നതിന് രണ്ട് ക്ളാസുകളിലും യു.എസ്.ബി പോര്‍ട്ടുകളുമുണ്ട്. കാര്‍ബണ്‍ കൂട്ടുകള്‍ ഉപയോഗിച്ചാണ് ഡ്രീം ലൈനര്‍ നിര്‍മിച്ചിരിക്കുന്നത്. സമാന വലുപ്പമുള്ള വിമാനത്തേക്കാള്‍ ഭാരം കുറഞ്ഞ ഡ്രീംലൈനറിന് 20 ശതമാനം കുറവ് ഇന്ധനവും മതി. കുറഞ്ഞ എമിഷന്‍ നിരക്കും ശബ്ദവുമാണ് ഡ്രീം ലൈനറിനുള്ളത്. സലാലയിലേക്ക് ഏതാനും ദിവസം സര്‍വിസ് നടത്തിയശേഷം വിമാനം യൂറോപ്പ്, അമേരിക്കന്‍ സര്‍വിസുകള്‍ക്ക് ഉപയോഗിക്കാനാണ് ഒമാന്‍ എയറിന്‍െറ തീരുമാനം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.