വേള്‍ഡ് മലയാളി കൗണ്‍സിലിലെ ഭിന്നിപ്പ് അവസാനിക്കുന്നു

മസ്കത്ത്: വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ഭിന്നിച്ചുനിന്നിരുന്ന രണ്ടു വിഭാഗങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോണി കുരുവിള നേതൃത്വം നല്‍കുന്ന വിഭാഗവും എ.എസ്. ജോസ് നേതൃത്വം നല്‍കുന്ന വിഭാഗവുമാണ് ഒരുമിക്കുന്നത്. 2008 മുതലുള്ള ഭിന്നിപ്പാണ് അവസാനിക്കുന്നത്. 
ആഗോളതലത്തിലെ ലയനത്തിന് മുന്നോടിയായി ഒമാനിലെ രണ്ടു വിഭാഗങ്ങള്‍ ഇന്ന് നടക്കുന്ന മിഡിലീസ്റ്റ് റീജനല്‍ സമ്മേളനത്തില്‍ ഒന്നിക്കുമെന്ന് ജോണി കുരുവിള പറഞ്ഞു. 
അടുത്തപടിയായി ദുബൈയില്‍ നടക്കുന്ന മീറ്റില്‍ മിഡിലീസ്റ്റ് കമ്മിറ്റികളും ഇന്ത്യയില്‍ നടക്കുന്ന ഗ്ളോബല്‍ മീറ്റില്‍ ആഗോള കമ്മിറ്റികളും ഒന്നാകും. 
അല്‍ഗൂബ്രയിലെ ജോണി ഇന്‍റര്‍നാഷനല്‍ ഹോട്ടലില്‍ മതസൗഹാര്‍ദം എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തോടെയാണ് മിഡിലീസ്റ്റ് മീറ്റിന് തുടക്കമാവുക. മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ഡോ. അലക്സാണ്ടര്‍  വിഷയം അവതരിപ്പിക്കും. 
തുടര്‍ന്ന്, മിഡിലീസ്റ്റിലെ സാമ്പത്തിക രംഗം എന്ന വിഷയത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാനും ഖലീജ് ടൈംസ് ഡെപ്യൂട്ടി എഡിറ്ററുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ വിഷയം അവതരിപ്പിക്കും. 
വൈകീട്ട് ആറിന് അല്‍ ഫലാജില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഡി. ബാബുപോള്‍ ഐ.എ.എസ് തുടങ്ങിയവര്‍ സംബന്ധിക്കും. 
കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കൗണ്‍സില്‍ വനിതാവിഭാഗം അംഗങ്ങളുടെ കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. 
കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വിവിധ സേവനപദ്ധതികള്‍ നടപ്പാക്കുന്നതായി പറഞ്ഞ ഭാരവാഹികള്‍ തൊഴിലാളികള്‍ക്കായി കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും പറഞ്ഞു. രാവിലെ നടക്കുന്ന സിമ്പോസിയങ്ങളിലും വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശമുണ്ടാകും. 
ജോണി കുരുവിളക്ക് പുറമെ കൗണ്‍സില്‍ ഒമാന്‍ റീജ്യന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് ജോസഫ്, ഗ്ളോബല്‍ വൈസ് പ്രസിഡന്‍റ് ഡോ. മനോജ് തോമസ്, ഒമാന്‍ പ്രൊവിന്‍സ് ട്രഷറര്‍ രവീന്ദ്രന്‍, എക്സിക്യൂട്ടിവ് അംഗം വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.