ന്യൂനമര്‍ദം: ശക്തമായ മഴ, ഒരു മരണം

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാഴാഴ്ച മഴ പെയ്തു. സൂര്‍, റാസല്‍ഹദ്ദ്, ലഷ്കറ,അല്‍ വാഫി, ബൂഅലി, ബൂഹസന്‍, റുസ്താഖ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മഴ പെയ്തത്. പലയിടങ്ങളിലും സാമാന്യം ശക്തമായ മഴ തന്നെ ലഭിച്ചു. സൂര്‍, ഇബ്രിക്ക് സമീപം തനാം എന്നിവിടങ്ങളില്‍ വാദികള്‍ രൂപപ്പെട്ടു. 
ഇതേതുടര്‍ന്ന്, ഗതാഗതം തടസ്സപ്പെട്ടു. മസ്കത്ത്, ഇബ്രി മേഖലകളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു.  സൂറില്‍ വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് മഴയുണ്ടായത്. ഇതേതുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. സിഗ്നല്‍ തകരാറിലായെങ്കിലും വൈകാതെ പുന$സ്ഥാപിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകളെടുത്തിരുന്നു. മസ്കത്ത് അടക്കം വിവിധ ഭാഗങ്ങളില്‍ സുഖമുള്ള കാലാവസ്ഥയാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്.
മഴയുടെ വരവിന് മുന്നോടിയെന്നോണ്ണം തണുത്ത കാറ്റ് പലയിടത്തും ഉണ്ടായി. ചൂടിനും കുറവുണ്ടായിരുന്നു. 
റുസ്താഖില്‍ വാദിയില്‍ കുടുങ്ങിയ വാഹനങ്ങളില്‍ ഒന്നില്‍ ഉണ്ടായിരുന്ന കുട്ടി മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.  മറ്റു രണ്ടു പേരെ രക്ഷിച്ചു.
വാദി ജമായിലും വാദി സൂഖിലുമായി മൂന്നു വാഹനങ്ങളിലായി നാലുപേര്‍ വാദിയില്‍ കുടുങ്ങി. ഇവരെ ജനങ്ങളാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. വാദി ഹൊഖയ്ന്‍ ഭാഗത്തും വാദിയില്‍ രണ്ടുപേര്‍ കുടുങ്ങി. അപകടത്തില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. 
വാദികളില്‍പെടുന്ന പക്ഷം പുറത്തിറങ്ങി വാഹനത്തിന് മുകളില്‍ കയറിനില്‍ക്കണം. ഇത് രക്ഷാശ്രമം എളുപ്പമാക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ കൊടുങ്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ബുറൈമി, റുസ്താഖ്, ഖസബ് വിമാനത്താവളം, സമാഇല്‍, ബഹ്ല, ഇബ്രി, സുനൈന, സെയ്ഖ്, മഹ്ദ, യങ്കല്‍, ജബല്‍ശംസ് എന്നിവിടങ്ങളിലാണ് കാറ്റിനും മഴക്കും സാധ്യത. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ എല്ലാം അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇടിയോടെയുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. 
മസ്കത്ത്, അല്‍വുസ്ത, ദോഫാര്‍ എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെയുള്ള മഴക്കും സാധ്യതയുണ്ട്. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.