ഗള്‍ഫിലെ ഒമ്പതു കേന്ദ്രങ്ങളില്‍ ടാലന്‍റ് സെര്‍ച് പരീക്ഷ നടന്നു

മസ്കത്ത്: പി.എം ഫൗണ്ടേഷന്‍, ഗള്‍ഫ് മാധ്യമവുമായി സഹകരിച്ച് വെള്ളിയാഴ്ച നടത്തിയ ടാലന്‍റ് സെര്‍ച് പരീക്ഷയില്‍ ഗള്‍ഫിലെ വിവിധ കേന്ദ്രങ്ങളിലായി നിരവധി കുട്ടികള്‍ പങ്കാളികളായി. സൗദി അറേബ്യയില്‍ മൂന്നും യു.എ.ഇയില്‍ രണ്ടും ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. 
യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ 11 വരെയും മറ്റിടങ്ങളില്‍ രാവിലെ 8.30 മുതല്‍ 10.30 വരെയുമായിരുന്നു പരീക്ഷ. എല്ലായിടത്തും കുട്ടികള്‍ ആവേശപൂര്‍വം പരീക്ഷയെഴുതി. ഭാവിയിലേക്കുള്ള ഊര്‍ജം പകര്‍ന്നുനല്‍കുന്നതും പൊതുവിജ്ഞാനം വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതുമായിരുന്നു പരീക്ഷയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച ഇതേസമയം പരീക്ഷ നടന്നു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്, എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷനാണ് ടാലന്‍റ് സെര്‍ച് പരീക്ഷ നടത്തിയത്. 
പി.എം ഫെലോഷിപ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെലോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യപടിയായിരുന്നു ഇന്നലത്തെ പരീക്ഷ. പി.എം ഫൗണ്ടേഷന്‍ 2003 മുതല്‍ നടത്തുന്ന ഈ വാര്‍ഷിക പരീക്ഷ ഇതാദ്യമായാണ് ഗള്‍ഫില്‍ നടന്നത്. 
സൗദി അറേബ്യയില്‍ ജിദ്ദയില്‍ ശറഫിയ്യയിലെ ഇമാം അല്‍ ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ടിലും റിയാദില്‍ ശിഫ അല്‍ ജസീറ പോളിക്ളിനിക് ഓഡിറ്റോറിയത്തിലും ദമ്മാമില്‍ അല്‍മുന സ്കൂളിലും കുട്ടികള്‍ പരീക്ഷയെഴുതി.  യു.എ.ഇയില്‍ ദുബൈ ബില്‍വ ഇന്ത്യന്‍ സ്കൂളും അല്‍ഐന്‍ ഒയാസിസ് ഇന്‍റര്‍ നാഷനല്‍ സ്കൂളുമായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.  ഒമാനില്‍ അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍, ബഹ്റൈനില്‍ ഇന്ത്യന്‍ സ്കൂള്‍ ഇസ ടൗണ്‍ കാമ്പസ്, കുവൈത്തില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അബ്ബാസിയ, ഖത്തറില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ദോഹ എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.
 എല്ലായിടത്തും ഗള്‍ഫ് മാധ്യമം പ്രവര്‍ത്തകര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി. ടാലന്‍റ് സെര്‍ച് പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരില്‍ മികവുകാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. 
ഇതില്‍നിന്നാണ് പത്തുപേരെ തെരഞ്ഞെടുത്ത് ദുബൈയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഫെലോഷിപ് നല്‍കി ആദരിക്കുക. ട്രോഫി, മെമന്‍േറാ, പുസ്തകങ്ങള്‍, പഠനസഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല, പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ സാമ്പത്തിക സഹായവും മറ്റ് അക്കാദമിക് സഹായവും പി.എം ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെലോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 
2003ല്‍ തുടങ്ങിയ ഈ പദ്ധതിവഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലത്തെിയിട്ടുണ്ട്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും  ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും മാനേജ്മെന്‍റ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. 
ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസസഹായം നല്‍കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം ഫൗണ്ടേഷന്‍െറ കീഴില്‍ നടക്കുന്നുണ്ട്. പ്രമുഖ പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി കാല്‍നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ടും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശപരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.