മസ്കത്ത്: ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് ഒമാനില്‍ നിരോധം ഏര്‍പ്പെടുത്തി. ഇലക്ട്രോണിക് ശീശകളും നിരോധത്തിന്‍െറ പരിധിയില്‍ വരുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കാന്‍സര്‍ ബാധക്ക് വഴിയൊരുക്കാവുന്ന ഘടകങ്ങളുടെ സാന്നിധ്യം ഇതിലുണ്ടെന്ന പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധമെന്ന് അതോറിറ്റി വക്താവ് അറിയിച്ചു. വ്യാപാരികള്‍ കടകളിലുള്ള ഇലക്ട്രോണിക് സിഗരറ്റിന്‍െറയും ശീശയുടെയും സ്റ്റോക്കുകള്‍ ഉടന്‍ നീക്കണം.
അനധികൃത സിഗരറ്റുകള്‍ വില്‍പന നടത്തുന്നവരില്‍നിന്ന് 500 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍നിന്ന് ഇരട്ടി പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും വക്താവ് അറിയിച്ചു. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇതിനകം ഇ-സിഗരറ്റുകളുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റില്‍ ഉള്ള വേപ്പറൈസര്‍ ആണ് വലിക്കുന്നവന് പുകവലിയുടെ അനുഭൂതി നല്‍കുന്നത്. പുകയില ഇല്ളെങ്കിലും ഇ-സിഗരറ്റുകളുടെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ വില്‍പനക്ക് ഒമാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും മാസം മുമ്പാണ് ഇവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം ആരോഗ്യമന്ത്രാലയത്തിന്‍െറ പരിഗണനയില്‍ വന്നത്. കടല്‍തീരങ്ങള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നത് പരിഗണനയിലാണ്. ഷോപ്പിങ് മാളുകള്‍, കഫേകള്‍, റസ്റ്റാറന്‍റുകള്‍ എന്നിവിടങ്ങളില്‍ 2010 ഏപ്രിലില്‍ പുകവലി നിരോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലും കാമ്പസിലും പുകവലി നിരോധിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ പുകവലി വ്യാപകമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നിരോധം ഏര്‍പ്പെടുത്തിയത്. പുകവലിയില്‍നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പുനരധിവാസ പരിപാടിക്ക് സര്‍വകലാശാല ക്ളിനിക്കും തുടങ്ങി. 20 ദശലക്ഷം റിയാലാണ് പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്കായി ഒമാന്‍ ചെലവഴിക്കുന്നത്. പുകവലിക്കാരുടെ എണ്ണം ഓരോ വര്‍ഷവും ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. ജി.സി.സി രാഷ്ട്രങ്ങളില്‍ സൗദി അറേബ്യയിലാണ് ഏറ്റവുമധികം പുകവലിക്കാര്‍ ഉള്ളതെന്നാണ് കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.