ആഘോഷപ്പൊലിമയില്‍ പ്രവാസികള്‍ തിരുവോണം കൊണ്ടാടി

മസ്കത്ത്: സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മാവേലിനാടിന്‍െറ ഓര്‍മകളെ വിരുന്നൂട്ടി ഒമാനിലെ മലയാളികള്‍ തിരുവോണം ആഘോഷിച്ചു. ഊഞ്ഞാലും മറ്റുമടക്കം പരമ്പരാഗത ആഘോഷങ്ങള്‍ ഇല്ലായിരുന്നെങ്കിലും സാധ്യമായ എല്ലാവിധ പൊലിമയോടെയുമാണ് പ്രവാസികള്‍ തിരുവോണത്തെ വരവേറ്റത്. 
മുന്‍വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി വാരാന്ത്യ അവധിദിനത്തില്‍ തിരുവോണം വിരുന്നത്തെിയത് ഇരട്ടിമധുരമായി. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളില്‍ ഹോട്ടലുകളെ ആശ്രയിച്ചവര്‍ ഇക്കുറി സദ്യ സ്വന്തമായി തയാറാക്കിയാണ് ഓണം ആഘോഷിച്ചത്. പലരും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം സദ്യക്കായി ക്ഷണിച്ചിരുന്നു. ബാച്ച്ലര്‍ റൂമുകളിലും ലേബര്‍ ക്യാമ്പുകളിലുമെല്ലാം വിഭവസമൃദ്ധമായ സദ്യ തയാറാക്കിയിരുന്നു. മലയാളികള്‍ കൂടുതലായി താമസിക്കുന്ന ഫ്ളാറ്റുകളിലും ലേബര്‍ ക്യാമ്പുകളിലുമെല്ലാം ഒറ്റക്കും കൂട്ടായും പൂക്കളങ്ങളും തയാറാക്കിയിരുന്നു. സംഘടനകളുടെ ഓണാഘോഷങ്ങള്‍ക്കും തിരുവോണത്തോടെ തുടക്കമായി. ഇനി ക്രിസ്മസ് വരെ വാരാന്ത്യങ്ങളില്‍ ഓണാഘോഷത്തിന്‍െറ തിരക്കായിരിക്കും. പ്രമുഖ സംഘടനകളെല്ലാം കെങ്കേമമായി ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. സൗഹൃദവേദി മത്രയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ സൂഖില്‍ ഓണപ്പായസ വിതരണം നടത്തി. മധു മാഹി, ഫസലു, അന്‍ഫല്‍, സുമേഷ്, സുഹൈല്‍, ബഷീര്‍, റഫീഖ് സദഫ്, അസീസ് കുഞ്ഞിപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൊഹാര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അണിയിച്ചൊരുക്കിയ ‘പൊന്നോണം 2015’ ഓണാഘോഷ പരിപാടി അല്‍നാഥ ഫാമില്‍ നടന്നു. നാടന്‍ കലാരൂപങ്ങളും കുട്ടികളുടെ വിവിധ കലാകായിക പ്രകടനങ്ങള്‍ക്കുംപുറമെ ഫ്യൂഷന്‍ മ്യൂസിക് മസ്കത്ത് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. തുടര്‍ന്നുനടന്ന തിരുവോണസദ്യയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഫാ. വര്‍ഗീസ് തോമസ് നേതൃത്വം നല്‍കി. മബേല ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഓണാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. പരമ്പരാഗത കലാരൂപങ്ങള്‍ക്ക് ഒപ്പം മാവേലിയും വാമനനും എന്ന വിഷയത്തില്‍ അവതരിപ്പിച്ച സ്കിറ്റും അഭിനന്ദനം പിടിച്ചുപറ്റി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.