മജ് ലിസു ശൂറ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു

മസ്കത്ത്: മജ് ലിസു ശൂറയുടെ 2015-19 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമായിത്തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം വോട്ടുറപ്പിക്കുന്ന തയാറെടുപ്പിലാണ് സ്ഥാനാര്‍ഥികള്‍. മസ്കത്ത് അടക്കം വിവിധ ഗവര്‍ണറേറ്റുകളില്‍ പ്രചാരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ബാനറുകളും മറ്റും റോഡുകളിലും തെരുവുകളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മസ്കത്തിലെ വിവിധമേഖലകളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ബോര്‍ഡുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഒരു മാസത്തിലധികം സമയമുണ്ടെങ്കിലും വീറും വാശിയും പ്രകടമായി തുടങ്ങിയിട്ടുണ്ട്. 
മജ് ലിസുശ്ശൂറയിലെ 85 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 21 സ്ത്രീകളടക്കം 674 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 77 സ്ത്രീകളടക്കം 1133 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. എന്നാല്‍, നാമാ ജാമില്‍ അല്‍ ബുസൈദിക്ക് മാത്രമേ വനിതകളില്‍നിന്ന് വിജയിക്കാന്‍ സാധിച്ചുള്ളൂ. 
2011നെ അപേക്ഷിച്ച് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പ്രചാരണരംഗത്തെ വീറും വാശിക്കും കുറവൊന്നുമില്ല. 
വോട്ട് ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഓരോ സ്ഥാനാര്‍ഥികളും അവരെ പിന്തുണക്കുന്നവരും നടത്തുന്നുണ്ട്. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനുമുള്ള ബോധവത്കരണം നടത്തുന്നതിനുമായി ആഭ്യന്തരമന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.  30,000 ജനസംഖ്യയുള്ള ഒരു വിലായത്തില്‍നിന്ന് ഒരംഗത്തെയും 30,000ത്തിന് മുകളില്‍ ജനസംഖ്യയുള്ള വിലായത്തുകളില്‍നിന്ന് രണ്ടു വീതം അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്. 
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.