ശമ്പള കുടിശ്ശിക : 200ലധികം ഇന്ത്യന്‍ പ്രവാസികള്‍ ദുരിതത്തില്‍

മസ്കത്ത്: നാലും അഞ്ചും മാസത്തെ ശമ്പളം കുടിശ്ശികയായതോടെ ഒമാനിലെ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന 200ലധികം ഇന്ത്യന്‍ പ്രവാസികള്‍ ദുരിതത്തില്‍. 
ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികളും ജീവനക്കാരും ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുമുണ്ട്. ഇന്ത്യക്കാരുടെ ഉടമസ്ഥതയില്‍തന്നെയുള്ള കമ്പനിയാണ് തൊഴിലാളികളുടെയടക്കം ശമ്പളം കുടിശ്ശികവരുത്തിയത്. ഇബ്രി, ബോഷര്‍, മൊബേല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളടക്കംനടത്തുന്ന കമ്പനിയാണ് ശമ്പളക്കുടിശ്ശിക വരുത്തിയത്. ഇതോടെ, തൊഴിലാളികള്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടയില്‍ പല മാസങ്ങളിലായാണ് കമ്പനി ശമ്പളം നല്‍കാതിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. 
പലപ്പോഴും ഒന്നും രണ്ടും മാസം ശമ്പളം ലഭിച്ചിരുന്നില്ല. ജീവനക്കാര്‍ മാനേജ്മെന്‍റിനെ ബന്ധപ്പെടുമ്പോഴൊക്കെ ഉടന്‍ നല്‍കുമെന്ന മറുപടിയാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒന്ന്-രണ്ട് മാസമായി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം കൊടുത്തില്ല. ഇതോടെ, തൊഴിലാളികള്‍ കമ്പനി അധികൃതരെ സമീപിച്ചു. ആഗസ്റ്റ് 10നകം ശമ്പളക്കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. 
എന്നാല്‍, തുടര്‍ച്ചയായി വാഗ്ദാനങ്ങള്‍ ലംഘിച്ചതോടെ ആഗസ്റ്റ് 10 മുതല്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയും ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കമ്പനി ചെയര്‍മാന്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. ശമ്പളം ലഭിക്കാത്തതുമൂലം നാട്ടിലെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. പലരും വായ്പയെടുത്തും മറ്റുമാണ് ഒമാനിലേക്കത്തെിയത്. 
ഇവരുടെ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലായി. അതേസമയം, കമ്പനി താമസസൗകര്യം നല്‍കിയിട്ടുണ്ടെന്നും ഭക്ഷണത്തിന് മെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. അതേസമയം, തൊഴിലാളികളും ജീവനക്കാരും ബുധനാഴ്ച കമ്പനി മാനേജ്മെന്‍റിനെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ഒന്നോ രണ്ടോ മാസത്തെ ശമ്പളം വ്യാഴാഴ്ച നല്‍കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 
ജീവനക്കാരുടെ ശമ്പളം ഒരാഴ്ചക്കകവും നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്.  കമ്പനി ഇത്തവണയെങ്കിലും വാഗ്ദാനം പാലിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.