ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; വാദികള്‍ നിറഞ്ഞു

ഒമാന്‍: രാജ്യത്ത് നിലനില്‍ക്കുന്ന കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് കനത്ത മഴപെയ്തു. അല്‍ഹജ്ര്‍ മലനിരകളിലും പരിസരത്തും അല്‍ ബഹ്ല പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. അല്‍ ഹജ്ര്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഈ വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെകൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 
ഇന്നലെ ഉച്ചമുതല്‍ രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ കനത്ത കാറ്റുമുണ്ടായി. കനത്ത ചൂടിലേക്ക് മഴയത്തെിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. അതേസമയം, വാദികള്‍ നിറഞ്ഞൊഴുകുന്നത് അപകടസാധ്യതയുയര്‍ത്തുന്നുണ്ട്. വാദികള്‍ നിറഞ്ഞ സാഹചര്യത്തില്‍ വാഹനത്തിലും അല്ലാതെയും കുറുകെ കടക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
അല്‍ഹജ്ര്‍ മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ആലിപ്പഴ വര്‍ഷമുണ്ടാകാനും സാധ്യതയുണ്ട്. ഒരാഴ്ചയായി രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത ചൂട് പലയിടങ്ങളിലും അനുഭവപ്പെടുന്നതിനൊപ്പം മഴയും ലഭിക്കുന്നുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മലനിരകളോടടുത്തുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയും രാത്രിയും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. റുസ്താഖ്, സൈഖ്, സമൈല്‍, ബഹ്ല, നിസ്വ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇബ്രിയില്‍ ഏതാനും ദിവസമായി പൊടിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാറ്റും മഴയും അനുഭവപ്പെടുകയും ചെയ്തു. അറബിക്കടലിന്‍െറയും ഒമാന്‍ കടലിന്‍െറയും തീരങ്ങളില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അറബിക്കടലും ഒമാന്‍ കടലും ക്ഷോഭിക്കാനും സാധ്യതയുണ്ട്. അറബിക്കടലില്‍ നാലുമീറ്ററും ഒമാന്‍ കടലില്‍ രണ്ടു മീറ്ററും ഉയരത്തിലാണ് തിരമാലകള്‍ അടിക്കുന്നത്. ഈ സാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം.  അടുത്ത രണ്ടുദിവസങ്ങളില്‍ അല്‍ഹജ്ര്‍ മലനിരകളോടുചേര്‍ന്ന് കാറ്റും മഴയുമുണ്ടാകും. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മഴ ലഭിക്കാനും സാധ്യതയുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.