യാക്കൂബ് അൽ യൂഹ,മുദാവി അൽ ഷമ്മരി, അൽ ദാഫിരി
കുവൈത്ത് സിറ്റി: ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കുവൈത്തിൽനിന്ന് മൂന്നു താരങ്ങൾ യോഗ്യത നേടി. കുവൈത്ത് ദേശീയ ചാമ്പ്യന്മാരായ യാക്കൂബ് അൽ യൂഹ, മുദാവി അൽ ഷമ്മരി, ഇബ്രാഹിം അൽ ദാഫിരി എന്നിവരാണ് യോഗ്യത നേടിയത്. 110 മീറ്റർ ഹർഡ്ൽസിൽ യാക്കൂബ് അൽ യൂഹ കുവൈത്തിനെ പ്രതിനിധീകരിക്കും. 100 മീറ്റർ ഓട്ടത്തിൽ മുദാവി അൽ ഷമ്മരിയും 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരിയും രംഗത്തിറങ്ങും. 30കാരനായ യാക്കൂബ് മുഹമ്മദ് അൽ യൂഹ 2017 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിലെത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. 2014, 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിട്ടുമുണ്ട്.
2019ൽ ദോഹയിൽ സ്ഥാപിച്ച 13.35 ആണ് 110 മീറ്റർ ഹർഡ്ൽസിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. നിലവിലെ ദേശീയ റെക്കോഡാണിത്. ഇൻഡോർ, ഔട്ട്ഡോർ 100 മീറ്ററിലും 200 മീറ്ററിലും ദേശീയ റെക്കോഡുകളുള്ള കുവൈത്ത് താരമാണ് 25 കാരിയായ മുദാവി അൽ ഷമ്മരി. 2020 സമ്മർ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ വനിതകളുടെ 100 മീറ്ററിൽ മത്സരിച്ച് ആദ്യ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.
അടുത്തിടെ നടന്ന ബെൽജിയം രാജ്യാന്തര അത്ലറ്റിക്സ് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരി സ്വർണം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ഈ മാസം 19 മുതൽ 27 വരെ ഹംഗറിയിലെ ബുഡപെസ്റ്റിലാണ് ലോക ചാമ്പ്യൻഷിപ്. ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള കുവൈത്ത് താരങ്ങളുടെ യോഗ്യതയെ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ഹുസൈൻ അബ്ബാസ് പ്രശംസിച്ചു. നേട്ടം രാഷ്ട്രീയ നേതൃത്വത്തിനും കുവൈത്ത് ജനതക്കും അദ്ദേഹം സമർപ്പിച്ചു. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവരെ കുവൈത്ത് സ്പോർട്സ് അതോറിറ്റിയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.