കുവൈത്ത് സിറ്റി: അനധികൃത താമസവും തൊഴിൽ നിയമ ലംഘനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമ്പത് മാസത്തിനിടെ 28,000 ത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും താമസനിയമം ലംഘിച്ചവർ, ഒളിച്ചോടിയവർ, യാചകർ എന്നിവരാണ്. മയക്കുമരുന്ന് കേസുകളിൽപെട്ടവരും അനധികൃതമായി തൊഴിൽ ചെയ്യുന്നവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരും ഇതിലുണ്ട്. നാടുകടത്തപ്പെട്ടയാളോ സ്പോൺസറോ വിമാനടിക്കറ്റ് നൽകാത്ത സാഹചര്യത്തിൽ അംഗീകൃത ട്രാവൽ ഏജൻസികളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം യാത്ര സൗകര്യം ഏർപ്പെടുത്തും. തുടർന്ന് ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുകയും തുക അടക്കുന്നതുവരെ യാത്ര വിലക്കോ സാമ്പത്തിക നിയന്ത്രണങ്ങളോ ഏർപ്പെടുത്തും. സാധുവായ പാസ്പോർട്ടോ അടിയന്തര യാത്രാ രേഖയോ ഉള്ളവർക്ക് നാടുകടത്തൽ നടപടികൾ സാധാരണയായി മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകും. എന്നാൽ എംബസി നടപടികളിലെ കാലതാമസമോ കോടതിയിൽ കേസുകളോ ഉള്ളവർക്ക് കൂടുതൽ സമയം എടുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യാത്രാ രേഖകളില്ലാത്തവർക്കായി വിദേശകാര്യ മന്ത്രാലയം എംബസികളുമായി സഹകരിച്ച് അടിയന്തര പാസ്പോർട്ടുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനകൾ ശക്തമാണ്. നിരവധി നിയമലംഘകരെയാണ് പരിശോധനകളിൽ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.