കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത്
കുവൈത്ത് സിറ്റി: കുവൈത്തിനും മറ്റു രാജ്യങ്ങൾക്കുമെതിരായ ഇറാൻ ആക്രമണങ്ങളെതുടർന്നുള്ള സംഭവവികാസങ്ങൾ വിലയിരുത്തി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും. വിവിധ മന്ത്രാലയങ്ങൾ സന്ദർശിച്ച ഇരുവരും സ്ഥിതിഗതികളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തി.
ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് എത്തിയ ഇരുവരെയും ഒന്നാം ഉപധ്രാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് സ്വീകരിച്ചു.
രാജ്യവ്യാപകമായി പൊലീസ് സേനയെ വിന്യസിക്കുന്നതിനെക്കുറിച്ചും, അവബോധ പ്രചാരണത്തെക്കുറിച്ചും, സോഷ്യൽ മീഡിയയിലെ കൃത്യമായ വാർത്തകളെക്കുറിച്ചും സന്ദർശനത്തിനിടെ വിശദീകരിച്ചു.
മിശ്രിഫിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തും ഇരുവരും സന്ദർശിച്ചു. വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഇരുവരെയും സ്വീകരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ ജോയന്റ് ഓപറേഷൻസ് സെന്ററും വ്യോമസേന ഓപറേഷൻസ് സെന്ററും കിരീടാവകാശിയും പ്രധാനമന്ത്രിയും സന്ദർശിച്ചു. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഖാലിദ് ദരാജ് അൽ ശുറൈയാൻ, ഡെപ്യൂട്ടി മേജർ ജനറൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇറാൻ ആക്രമണ പദ്ധതികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഭീഷണികളെ എങ്ങനെ നേരിടാമെന്നതും ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.