വക്കം മൗലവിയുടെ സമ്പൂർണ കൃതികളുടെ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് കൈമാറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ വ്യക്തിയാണ് വക്കം അബ്ദുൽ ഖാദർ മൗലവിയെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം. വക്കം മൗലവി സമ്പൂർണ കൃതികളുടെ മിഡിൽ ഈസ്റ്റ് തല പുസ്തക പ്രകാശനത്തോടനുബന്ധിച്ചാണ് നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചത്. മുസ്ലിം വിഭാഗത്തിലെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ മൗലവി പരിശ്രമിച്ചു.
ഇതിനൊപ്പം അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതായി സമ്മേളനം ചൂണ്ടിക്കാട്ടി.
സംഗമം അൽ ജംഇയ്യതുൽ സൽസബീൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസ് ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷനും പണ്ഡിതനുമായ റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി. മലയാളഭാവുകത്വത്തെ നവീകരിക്കുന്നതിൽ ധിഷണാപരമായ നേതൃത്വം നൽകിയ പണ്ഡിതനും എഴുത്തുകാരനും വിമർശകനും പത്രപ്രവർത്തകനുമാണ് വക്കം മൗലവി. ജനങ്ങളോട് സംവദിക്കുക വഴിയാണ് സാമൂഹികമാറ്റം സാധ്യമാകുക എന്ന തിരിച്ചറിവായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവിയെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വക്കം മൗലവി സമ്പൂർണ കൃതികളുടെ മിഡിൽ ഈസ്റ്റ് തല പുസ്തക പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് കൈമാറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസ് നിർവഹിച്ചു. കൃതി അഷ്റഫ് മേപ്പയൂർ സദസ്സിന് പരിചയപ്പെടുത്തി.
ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി, കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, ലുലു എക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹ്മദ്, ഷബീൽ മുണ്ടോളി, മുബാറക് കാപ്രത്ത്, അബ്ദുറഹിമാൻ അൻസാരി, ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, അബ്ദുൽ അസീസ് സലഫി, അബ്ദുന്നാസർ മുട്ടിൽ, നബീൽ ഫാറോഖ് എന്നിവർ സംസാരിച്ചു. അൽ അമീൻ സുല്ലമി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.