കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ പിടികൂടാൻ വ്യത്യസ്ത വഴികൾ സ്വീകരിച്ച് ജനറൽ ട്രാഫിക് വകുപ്പ്. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി പൊതുനിരത്തുകളിൽ ജനറൽ ട്രാഫിക് വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗതാഗത നിയമ ലംഘനങ്ങളും പ്രത്യേക സംഘം സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ട്രാഫിക് വകുപ്പ് സൂചിപ്പിച്ചു.
നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളെ മോനിറ്ററിങ് ടീം കണ്ടെത്തി ഉടമകളെ വിളിച്ചുവരുത്തും. തുടർന്ന് സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കും. വാഹന ഉടമ സ്വമേധയാ ഹാജരാകാത്ത സന്ദർഭങ്ങളിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് വിഷയം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലേക്ക് റഫർ ചെയ്യും.
കഴിഞ്ഞയാഴ്ചയിൽ ഇത്തരത്തിലുള്ള എട്ട് വാഹനങ്ങൾ ഗതാഗതനിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇതിൽ ഒരു ഡ്രൈവർ മറ്റൊരു വാഹനയാത്രക്കാരനെ മനഃപൂർവം ശല്യപ്പെടുത്തുന്നതായും ഓവർടേക്ക് ചെയ്ത് മുന്നിൽ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നതായും കണ്ടെത്തി. ഇത് ഗതാഗതം തടസ്സപ്പെടുത്തുകയും രണ്ട് ഡ്രൈവർമാരെയും അപകടത്തിലാക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ ഒരു ഡ്രൈവർ ഹൈവേയിൽ എതിർദിശയിൽ വാഹനമോടിച്ചതായും കണ്ടെത്തി.
നിയമലംഘനം ആരോപിക്കപ്പെടുന്നവർക്ക് നിരീക്ഷണ കാമറകളിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതുമായ ദൃശ്യങ്ങളും തെളിവുകളും പരിശോധിക്കാമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.