കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യത്തെത്തുടർന്ന് കുവൈത്തിൽനിന്നുള്ള വിമാന സർവിസുകൾ തുടർച്ചയായ ആറാം ദിവസവും തടസ്സപ്പെട്ടു. സംഘർഷം അയഞ്ഞ് വ്യോമപാത ഉടൻ തുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഫെബ്രുവരി 28ന് യു.എസ് -ഇറാൻ സംഘർഷങ്ങൾക്ക് പിറകെയാണ് സുരക്ഷ കാരണങ്ങളാൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചത്.
മേഖലയിലെ രാഷ്ട്രീയ, സുരക്ഷ സംഘർഷങ്ങളുടെ സാഹചര്യത്തിലായിരുന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നടപടി. യാത്രക്കാരെയും വിമാനക്കമ്പനികളെയും വിമാനത്താവള പ്രവർത്തനങ്ങളെയും അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം കൈകൊണ്ടത്.കുവൈത്ത് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ കനപ്പിച്ചതും തീരുമാനം നീളാൻ കാരണമായി. ഇതോടെ കുവൈത്തിൽനിന്ന് പുറത്തുപോയവരും കുവൈത്തിൽ സന്ദർശനത്തിന് എത്തിയവരും വിവിധ രാജ്യങ്ങളിലായി കുടുങ്ങി.നാട്ടിൽ അവധിക്ക് എത്തിയവരും കുവൈത്തിൽ സന്ദർശനത്തിന് എത്തിയവരുമായ നിരവധി മലയാളികളും ഇതോടെ പ്രയാസത്തിലായി.
കേരളത്തിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി.അതിനിടെ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാരെ സഹായിക്കാനായി കുവൈത്ത് എയർവേയ്സ് പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.റിസർവേഷനുകളും ടിക്കറ്റുകളും കൈവശമുള്ള കുവൈത്ത് യാത്രക്കാരെ വിമാനത്താവള ലഭ്യതയെ ആശ്രയിച്ച് സൗദിയിലേക്ക് എത്തിച്ച് അവിടെ നിന്ന് കരമാർഗം കുവൈത്തിൽ എത്തിക്കാനാണ് പദ്ധതി. യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് ആറ് ആയി എയർലൈൻ നിശ്ചയിച്ചിട്ടുണ്ട്.അതേസമയം, എല്ലാത്തരം വിസിറ്റ് എൻട്രി വിസകളുടെയും രാജ്യത്തിന് പുറത്തുകഴിയുന്നവരുടെയും വിസ കാലാവധി കുവൈത്ത് ദീർപ്പിച്ചത് പ്രവാസികൾക്ക് ആശ്വാസമായി.
സന്ദർശനവിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും കുവൈത്തിന് പുറത്തുള്ളവർക്ക് മൂന്നുമാസവുമാണ് ദീർപ്പിച്ചു നൽകിയത്. വിസ കാലാവധി ദീർപ്പിക്കാനായി താമസകാര്യ വകുപ്പുകൾ സന്ദർശിക്കുകയോ പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല എന്നതും ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.