കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ഇനി ഇലക്ട്രോണിക് പേയ്മെന്റ് മാത്രം. കറൻസി ഇടപാടിന് ആരോഗ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, ലബോറട്ടറികൾ, ഹോം ഹെൽത്ത് കെയർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കൾക്കും ഇത് ബാധകമാണ്. ഈ കേന്ദ്രങ്ങളിൽ എല്ലാ സേവന ഫീസുകളും അംഗീകൃത ബാങ്കിങ് ചാനലുകളിലൂടെയും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയും മാത്രമാകണമെന്ന് മന്ത്രാലയം നിർദേശം നൽകി.
സുതാര്യതയും മേൽനോട്ടവും വർധിപ്പിക്കുക, എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിലുടനീളം നിയന്ത്രിത ബില്ലിങ്, കലക്ഷൻ നടപടിക്രമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തൽ, രോഗികളുടെയും ആരോഗ്യ സംരക്ഷണ ദാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവക്ക് ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ ആരോഗ്യകേന്ദ്രങ്ങളും ഈ നിർദ്ദേശം ഉടനടി നടപ്പാക്കണം. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ സജീവമാക്കുന്നതിന് ആവശ്യമായ സാങ്കേതികവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. നിർദേശം ലംഘിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.