വിശ്വാസിയുടെ ജീവിതത്തിന് ധൈര്യവും ആത്മവിശ്വാസവും സമാധാനവും നൽകുന്ന ശക്തിയാണ് തവക്കുൽ അഥവാ ലോകരക്ഷിതാവായ അല്ലാഹുവിൽ ഭരമേൽപ്പിക്കൽ. ജീവിതം മുഴുവനായും, വ്യത്യസ്ത കാര്യങ്ങളെ പ്രത്യേകമായും തവക്കുൽ ചെയ്യുന്നതിനെ കുറിച്ച് ഖുർആൻ പഠിപ്പിക്കുന്നു. ‘വിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരാകുന്നു’, ‘തീരുമാനമെടുത്താൽ അല്ലാഹുവിൽ ഭരമേല്പിക്കൂ” തുടങ്ങിയ വചനങ്ങൾ ഖുർആനിൽ കാണാവുന്നതാണ്.
ചിലയാളുകൾ തവക്കുലിനെ കുറിച്ച് തെറ്റായ ധാരണയുള്ളവരാണ്. സ്വന്തമായി അധ്വാനിക്കാതെ, കാര്യങ്ങളെല്ലാം ദൈവഹിതത്താൽ സംഭവിക്കും എന്നാണവർ വിചാരിക്കുന്നത്. മനുഷ്യൻ തന്റെ കഴിവിനുള്ളിൽ കഴിയുന്നത്ര പരിശ്രമം നടത്തുകയും അതിന്റെ ഫലം അല്ലാഹുവിൽ ഏൽപ്പിക്കുകയും ചെയ്യുന്നതാണ് യഥാർഥ തവക്കുൽ. അല്ലാഹുവിലുള്ള വിശ്വാസവും മനുഷ്യന്റെ ശ്രമവും ഒന്നിച്ചു ചേരുന്നിടത്താണ് തവക്കുൽ സംഭവിക്കേണ്ടത്.
ഒരാൾ നബിയോടു ചോദിച്ചു- എന്റെ ഒട്ടകത്തെ വിട്ടയച്ച് ഞാൻ അല്ലാഹുവിൽ തവക്കുൽ ചെയ്യട്ടെയോ? അവിടുന്ന് പറഞ്ഞു- അതിനെ കെട്ടിയിടുക; പിന്നെ തവക്കുൽ ചെയ്യുക. ആവശ്യങ്ങൾക്ക് വേണ്ടി പുറപ്പെടുന്നയാൾ തന്റെ ഒട്ടകത്തെ കയറിൽ ബന്ധിക്കാതെയാണ് പോകുന്നതെങ്കിൽ, അയാൾ തിരിച്ച് വരുമ്പോൾ ഒട്ടകം അതിന്റെ സ്ഥാനത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. മനുഷ്യൻ തന്റെ ബാധ്യത നിർവഹിച്ചതിന് ശേഷമാണ് ഫലം അല്ലാഹുവിന്റെ യുക്തിക്കും തീരുമാനത്തിനും ഏൽപ്പിക്കേണ്ടത്.
എല്ലാ കാര്യങ്ങളും സ്വന്തം നിയന്ത്രണത്തിലല്ലെന്ന അറിവും; ശ്രമം തന്റെതാണെങ്കിലും ഫലം അല്ലാഹുവിന്റേതാണെന്ന ബോധ്യവും മനുഷ്യനെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ആത്മാർത്ഥമായി പരിശ്രമിക്കുകയും, ഹൃദയത്തിൽ ഉറച്ച വിശ്വാസമുണ്ടാവുകയും, കാര്യങ്ങളെ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്താൽ ജീവിതത്തിലെ പരീക്ഷണങ്ങളും വെല്ലുവിളികളും മനുഷ്യനെ തളർത്തുകയില്ല. സത്യസന്ധമായി ആശ്രയിക്കുന്നവർക്കു മുമ്പിൽ അല്ലാഹു പരിഹാരങ്ങളുടെ വഴികൾ തുറക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.